ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ 7-ന് ആരംഭിച്ച AROHA ‘25 എന്ന പ്രോഗ്രാം വിജയകരമായി സമാപിച്ചു. അഗതികളും രോഗാവസ്ഥയിലും നിലാരംഭരായും വൃദ്ധസദനങ്ങളിൽ കഴിയുന്ന വയോജനങ്ങളെ സന്ദർശിച്ച് ആഗമിക്കുന്ന ക്രിസ്തുമസിന്റെ സ്നേഹസന്ദേശം അവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചിക്കാഗോ സെന്റ് മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റ് ആവിഷ്കരിച്ച പദ്ധതിയാണ് AROHA ‘25. സ്വസൃഷ്ടിപരമായ ആശയങ്ങൾ ഉൾപ്പെടുത്തി, ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ദൈവവചനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് CML കുട്ടികൾ തയ്യാറാക്കിയ ക്രിസ്തുമസ് ഗ്രീറ്റിംഗ് കാർഡുകൾ ഡിസംബർ 7 മുതൽ ദേവാലയത്തിലെ ഹോൾവേയിൽ സജ്ജീകരിച്ച ബോക്സിൽ നിക്ഷേപിച്ചു.
തുടർന്ന് ഡിസംബർ 20-ന് സെന്റ് മേരീസ് ദേവാലയത്തിന്റെ പരിസര പ്രദേശങ്ങളിലുള്ള വിവിധ വൃദ്ധസദനങ്ങൾ സന്ദർശിച്ച് അവിടെയുള്ള അന്തേവാസികൾക്ക് ഈ ഗ്രീറ്റിംഗ് കാർഡുകൾ വിതരണം ചെയ്യുകയും ക്രിസ്തുമസ് കാരോളിംഗ് നടത്തുകയും ചെയ്തു. ക്രിസ്തുമസ് സീസണിൽ പ്രായാധിക്യവും രോഗാവസ്ഥകളും മൂലം വൃദ്ധസദനങ്ങളിൽ കഴിയുന്ന വയോജനങ്ങളോട് സ്നേഹവും കരുതലും വളർത്തുവാൻ CML കുട്ടികൾ നടത്തിയ ഈ പ്രവർത്തനം ഒരു മാതൃകാപരമായ കാരുണ്യ പ്രവർത്തനമായി മാറി.കുട്ടികൾ തയ്യാറാക്കിയ ഏകദേശം 400 ഗ്രീറ്റിംഗ് കാർഡുകൾ Harmony Park Ridge, Avantara Park Ridge, Zahav of Des Plaines, Elevate Care of Niles എന്നീ വൃദ്ധസദനങ്ങളിൽ വിതരണം ചെയ്തു. ഇതോടൊപ്പം ക്രിസ്തുമസ് കേക്കുകളും വിതരണം ചെയ്ത് അവരോടൊപ്പം ക്രിസ്തുമസ് സന്തോഷം പങ്കുവെക്കുകയും ചെയ്തു.
AROHA ‘25-ന്റെ ഗ്രാൻഡ് ഫിനാലിയിൽ സെന്റ് മേരീസ് CML യൂണിറ്റിനെ പ്രതിനിധീകരിച്ച് ഏകദേശം 25 കുട്ടികളും, ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാദർ അനീഷ് മാവേലിപുത്തൻപുരയിൽ, CML ഡയറക്ടർ ജോജോ ആനാലിൽ എന്നിവരും പങ്കെടുത്തു. Parent വോളണ്ടിയേഴ്സായി മജോ കുന്നശ്ശേരി, ജീസ് ചക്കുങ്ങൽ, മാത്യു കിഴവുള്ളിൽ, ഷിബു പണിക്കാപറമ്പിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



