ഷോളി കുമ്പിളുവേലി
ഫീനിക്സ് : രജതജൂബിലി ആഘോഷിക്കുന്ന ഷിക്കാഗോ സിറോ മലബാർ രൂപതയുടെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,11,12 തീയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന സിറോ മലബാർ കൺവൻഷന്റെ ഇടവകതല കിക്കോഫ്, അരിസോനയിലെ ഫീനിക്സ് ഹോളി ഫാമിലി ദേവാലയത്തിൽ, രൂപത പ്രൊക്യൂറേറ്റർ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിൽ ഡിസംബർ ഏഴിന് ആഘോഷമായി സംഘടിപ്പിച്ചു
കൺവൻഷനിലേക്ക് ഇടവകയിലെ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതിനായി എത്തിച്ചേർന്ന രൂപത പ്രൊക്യൂറേറ്റർ റവ. ഫാ: കുര്യൻ നെടുവേലിചാലുങ്കലിനെയും കൺവൻഷൻ ചെയർമാൻ ബിജു സി മാണിയെയും, കൺവൻഷൻ സെക്രട്ടറി ബീന വള്ളികളത്തിലിനേയും ഇടവക വികാരി റവ. ഫാ. ഡെൽസ് അലക്സിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു.

കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ വിശ്വാസികളിൽ നിന്നും റജിസ്‌ട്രേഷനുകൾ ഏറ്റുവാങ്ങി. നിരവധിപ്പേർ കൺവൻഷനിൽ പങ്കെടുക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചു. വളരെ മികച്ച പ്രതികരണമാണ് ഇടവകയിൽ നിന്നും കൺവൻഷൻ കിക്കോഫിന് ലഭിച്ചത്.
മഹത്തായ ആത്മീയ, സാംസ്കാരിക, പൈതൃക സംഗമത്തിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും റവ. ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ആഹ്വാനം ചെയ്തു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും രൂപത ആഘോഷിക്കുന്നു. കൺവൻഷൻ ജൂബിലി കമ്മിറ്റി ചെയർമാൻ ബിജി സി. മാണി കൺവൻഷനെ പറ്റി വിശദമായി പ്രതിപാദിച്ചു. 2026 ജൂലൈ മാസം നടക്കുന്ന സിറോ മലബാർ കൺവൻഷൻ, രൂപതയുടെ ചരിത്രത്തിൽതന്നെ സ്‌ഥാനം പിടിക്കുന്ന തലത്തിൽ വിജയകരമാക്കി തീർക്കുവാൻ വിപുലമായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അദ്ദേഹം അറിയിച്ചു. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിങ് നിരക്കിൽ ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ് ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്നും കൺവൻഷൻ കമ്മിറ്റി ചെയർമാൻ ബിജി സി. മാണി അഭ്യർഥിച്ചു.

കൺവൻഷന്റെ പ്രോഗ്രാമുകളെപ്പറ്റി സെക്രട്ടറി ബീന വള്ളിക്കളം വിവരിച്ചു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യമാകുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നു ബീന അറിയിച്ചു. ദിവസേനയുള്ള കുർബാന, ആരാധന എന്നിവയോടൊപ്പം, വൈവിധ്യമാർന്ന വിഷയാവതരണങ്ങളും, സംഘടനാകൂട്ടായ്മകളും, കലാപരിപാടികളും, മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
അമേരിക്കയിലെ സിറോ മലബാർ വിശ്വാസികളുടെ അതിബൃഹത്തായ ഈ ആത്മീയസാംസ്കാരിക സംഗമത്തിൽ പങ്കാളികളാവാൻ ഏവരെയും കൺവൻഷൻ ടീം സ്വാഗതം ചെയ്തു. കൺവൻഷൻ കോഓർഡിനേറ്റർമാരായ ആന്റോ യോഹന്നാൻ, ലിലി സിറിയക്, ടാനിയ ടോം, പോൾ ചാക്കോള, കൈക്കാരൻമാരായ ഷാഗി ജോസഫ്, തോമസ് കണ്ണമ്പള്ളിൽ തുടങ്ങിയവർ കിക്കോഫിന് നേതൃത്വം നൽകി. ഫീനിക്സ് ഹോളി ഫാമിലി ഇടവകയിലെ വികാരിയച്ചന്റേയും , ഇടവകാംഗങ്ങളുടെയും വളരെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.



