ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ് ഈ അധ്യയനവർഷത്തിൽ ആരംഭിച്ച “Share with Joy, Prayer with Care” എന്ന ചാരിറ്റി പദ്ധതിയുടെ ഭാഗമായി മാസംതോറും നടത്തിവരുന്ന ജന്മദിനാഘോഷങ്ങൾക്കായി ജനുവരി മാസത്തിൽ തിരഞ്ഞെടുത്തത്കാഞ്ഞിരപ്പള്ളിയിലെ അസീസി ബേബി സദൻ ആയിരുന്നു. സ്നേഹവും കരുതലും പങ്കുവെക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഈ പദ്ധതിയുടെ ഭാഗമായുള്ള ആഘോഷങ്ങൾ 2025 ജനുവരി 12-ന് വളരെ ഭക്തിപൂർവ്വവും ഹൃദയസ്പർശിയും ആയ രീതിയിൽ ബേബി സദനിൽ നടത്തപ്പെട്ടു. അനാഥരും പരിരക്ഷ ആവശ്യമുള്ള ശിശുക്കളും കുട്ടികളും സുരക്ഷിതമായി വളരുന്നതിനായി പ്രവർത്തിക്കുന്ന സ്നേഹപരമായ ശിശുസംരക്ഷണ കേന്ദ്രമാണ് അസീസി ബേബി സദൻ.

കുട്ടികൾക്ക് താമസം, ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം എന്നിവ നൽകി അവരുടെ ഭാവി ഭദ്രമാക്കുകയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. നിലവിൽ എഴുപതോളം പാവപ്പെട്ട കുട്ടികളാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.പ്രത്യേക പ്രാർത്ഥനയോടുകൂടി ആരംഭിച്ച ആഘോഷത്തിൽ ബേബി സദനിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്കു പുറമേ എല്ലാ കുട്ടികൾക്കും സ്നേഹസമ്മാന വിതരണവും സ്പെഷ്യൽ വിരുന്നും (ഡിന്നർ) ഒരുക്കി. തുടർന്ന് വാർഷിക ജന്മദിനാആഘോഷങ്ങളുടെ ഭാഗമായി ഈ മാസം ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ ഒത്തുചേർന്ന് കേക്ക് മുറിക്കുകയും ഏവർക്കും കേക്ക് വിതരണം നടത്തുകയും ചെയ്തു. കുഞ്ഞുങ്ങളുടെ മുഖത്തെ പുഞ്ചിരിയും സന്തോഷവും പരിപാടിയുടെ വിജയത്തെ സാക്ഷ്യപ്പെടുത്തി.

മാനവിക മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന നാലാമത്തെ സ്ഥാപനമാണ് അസീസി ബേബി സദൻ. ഇമ്മാനുവൽ ഓർഫനേജ് (എറണാകുളം), ശാന്തി സദൻ (രാജസ്ഥാൻ), സെന്റ് ജോൺ ഓഫ് ഗോഡ് (പാമ്പാടി) എന്നിവയായിരുന്നു മുൻ മാസങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായി ആഘോഷങ്ങൾ നടത്തപ്പെട്ട സ്ഥാപനങ്ങൾ. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാർത്ഥന സമർപ്പണം (Prayer Dedication) ജനുവരി25th -ന് അമേരിക്കയിലെ St. Mary’s Knanaya Catholic Church, Chicago-യിൽ പ്രത്യേകം നടത്തപ്പെട്ടു. ഈ പ്രാർത്ഥന ശുശ്രൂഷയിൽ ജനുവരി മാസത്തിൽ ജന്മദിനം ആഘോഷിക്കുന്ന ഇടവകയിലെ എല്ലാവരെയും, അതോടൊപ്പം ബേബി സദനിലെ കുട്ടികളെയും പ്രത്യേകമായി അനുസ്മരിച്ചു.

ബേബി സദനിലെ അധികാരികളും ജീവനക്കാരും ഈ സേവന പ്രവർത്തനത്തെ അഭിനന്ദിക്കുകയും, ഇത്തരത്തിലുള്ള സ്നേഹസംരംഭങ്ങൾ സമൂഹത്തിൽ തുടർന്നും ശക്തിപ്പെടണമെന്ന് ആശംസിക്കുകയും ചെയ്തു. ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിനെ പ്രതിനിധീകരിച്ച് യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിയും ബേബി സദനിലെ കുട്ടികളോടൊപ്പം അവരുടെ ആഘോഷങ്ങളിൽ പങ്കുചേർന്നു.



