ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റിന്റെ നേതൃത്വത്തിൽ, വരാനിരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് CML – AROHA ’25 എന്ന കാരുണ്യ പ്രവർത്തനത്തിന് ഭംഗിയായ തുടക്കം കുറിച്ചു. ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയ ദൈവവചനങ്ങളോടും കുട്ടികളുടെ സ്വതന്ത്രമായ സൃഷ്ടിപരതയോടും കൂടിയ ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡുകൾ, ദേവാലയത്തിന്റെ ഹോൾവേയിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക ബോക്സിൽ ഡിസംബർ 7 മുതൽ നിക്ഷേപിച്ചു തുടങ്ങി.
ഈ പദ്ധതിയുടെ ഭാഗമായി, ഡിസംബർ 21-ന് ഇടവക ദേവാലയ പരിസരപ്രദേശങ്ങളിലുള്ള വൃദ്ധസദനങ്ങൾ CML കുട്ടികൾ സന്ദർശിച്ച് ക്രിസ്മസ് കരോളുകൾ ആലപിക്കുകയും അവർ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡുകൾ അവിടുത്തെ അന്തേവാസികൾക്ക് വിതരണം ചെയ്യുകയും ചെയ്യും. പ്രായാധിക്യം മൂലം ഒറ്റപ്പെടലനുഭവിക്കുന്ന മുതിർന്നവരോടുള്ള സ്നേഹവും കരുതലും കുട്ടികളുടെ മനസ്സിൽ വളർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് CML – AROHA ’25 വിഭാവനം ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം ഫാമിലി ഗ്രീറ്റിംഗ് കാർഡ് മേക്കിംഗ് ചലഞ്ചും സംഘടിപ്പിച്ചിട്ടുണ്ട്. മിഷൻ ലീഗ് യൂണിറ്റ് വിതരണം ചെയ്ത പ്ലെയിൻ കാർഡ് കിറ്റുകൾ കുടുംബങ്ങൾ ചേർന്ന് സൃഷ്ടിപരമായതും അർത്ഥവത്തരുമായ രീതിയിൽ തയ്യാറാക്കി AROHA ബോക്സിൽ നിക്ഷേപിക്കുന്ന കുടുംബങ്ങൾക്ക് ക്രിസ്മസ് രാത്രി പ്രത്യേക സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
“സ്നേഹവും ദയയും ഒരിക്കലും പാഴാകുന്നില്ല; അവ എപ്പോഴും മാറ്റം സൃഷ്ടിക്കുന്നു” എന്ന പ്രമേയത്തോടെ, CML സെക്രട്ടറി ഷോബിൻ കണ്ണമ്പള്ളി മാതാപിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ക്രിസ്മസ് കാലയളവിൽ മുതിർന്നവരോടുള്ള കരുതൽ കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനായി, ഈ കാരുണ്യ പ്രവർത്തനത്തിൽ എല്ലാ കുട്ടികളെയും സജീവമായി പങ്കാളികളാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡിസംബർ 21-ന് നടക്കുന്ന വൃദ്ധസദന സന്ദർശനവും കരോളിംഗും വിജയകരമാക്കുന്നതിന് മാതാപിതാക്കളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ച CML പ്രസിഡൻറ് ഐസക് മറ്റത്തിൽ പറഞ്ഞു: “ഇത്തരത്തിലുള്ള ഈ ലളിതമായ സ്നേഹപ്രവർത്തനം നമ്മുടെ വയോധിക സമുദായാംഗങ്ങളുടെ ഹൃദയങ്ങളിൽ ആത്മസാന്ത്വനവും സന്തോഷവും നിറയ്ക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. AROHA ’25 മുഖേന നിങ്ങൾ സ്നേഹത്തിന്റെ ചെറിയ മിഷനറിമാരായിത്തീരുന്നു. നിങ്ങൾ ഒരുക്കുന്ന ഓരോ കാർഡും പാടുന്ന ഓരോ ഗാനവും യേശുവിനുള്ള ഒരു സമ്മാനമായി മാറുന്നു”.
CML – AROHA ’25 പ്രവർത്തനങ്ങളുടെ തുടക്കമായി, നവംബർ 29-ന് വിശുദ്ധ കുർബാനയ്ക്കുശേഷം CML എക്സിക്യൂട്ടീവ് അംഗങ്ങൾ ഗ്രീറ്റിംഗ് കാർഡുകൾ തയ്യാറാക്കുകയും, കുട്ടികൾ നിർമ്മിക്കുന്ന കാർഡുകൾ നിക്ഷേപിക്കുന്നതിനായി ദേവാലയ ഹോൾവേയിൽ പ്രത്യേക ഡ്രോപ്പ് ബോക്സ് സജ്ജീകരിക്കുകയും ചെയ്തു.
ഈ സ്നേഹ–കരുണ പ്രവർത്തനത്തിലൂടെ ക്രിസ്മസിന്റെ യഥാർത്ഥ സന്ദേശം സമൂഹത്തിലെ ഏറ്റവും കൂടുതൽ പരിഗണനയും ആശ്വാസവും ആവശ്യമായവരിലേക്കെത്തിക്കുകയാണ് AROHA ’25ന്റെ ലക്ഷ്യം. ഇതിലേക്കുള്ള കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഇടവക വികാരി ഫാദർ സിജു മുടക്കോടിൽ മാതാപിതാക്കളോടും കുട്ടികളോടും അഭ്യർത്ഥിച്ചു.
പരിപാടിയുടെ വിജയത്തിനായി CML സ്പിരിച്വൽ ഡയറക്ടർ അനീഷ് മാവേലി പുത്തൻപുരയിൽ, യൂണിറ്റ് ഡയറക്ടർ ജോജോ ആനാലിൽ, മറ്റ് കോഡിനേറ്റേഴ്സ്, മത അധ്യാപകർ, ട്രസ്റ്റിമാർ എന്നിവർ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കി.



