ലൊസാഞ്ചലസ് ∙ ലൊസാഞ്ചലസ് ആസ്ഥാനമാക്കി കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരളത്തിലെ നിർധനരായ കാൻസർ രോഗികൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്ന ‘സൂസൻ ഡാനിയേൽ മെമ്മോറിയൽ കാൻസർ റിലീഫ് ഫണ്ട്’ (SDM) സേവനത്തിന്റെ 40-ാം വാർഷികം ആഘോഷിച്ചു. നവംബർ ഒന്നിന് വാർഷികത്തിന്റെ ഭാഗമായി ലൊസാഞ്ചലസിലെ ഷെറാട്ടൺ സെറിറ്റോസ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ 300ൽ അധികം പേർ പങ്കെടുത്തു. ഈ ചടങ്ങിൽ ട്രസ്റ്റിന് ഒന്നര ലക്ഷം ഡോളറിന്റെ സംഭാവനകൾ ലഭിച്ചു.

1985ൽ കാൻസർ ബാധിതയായി മരിച്ച സൂസൻ ഡാനിയേലിന്റെ സ്മരണയ്ക്കായി മാത്യു ഡാനിയൽ ആണ് ഈ ഫണ്ട് ആരംഭിച്ചത്. 2002ൽ മകൾ സുധയും കാൻസറിനു കീഴടങ്ങിയതിന്റെ നൊമ്പരത്തിന് ആശ്വാസം കണ്ടെത്തുന്നതിന് വേദന അനുഭവിക്കുന്നവർക്ക് സഹായം എത്തിച്ചാണ്. . 1985ൽ തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഒരു രോഗിക്ക് സഹായം നൽകി തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് കേരളത്തിലെ നാല് പ്രധാന കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ പ്രതിവർഷം 200-ഓളം രോഗികൾക്ക് നേരിട്ടുള്ള ധനസഹായം എത്തിക്കുന്നുണ്ട്.

മാത്യു ഡാനിയലും ഏബ്രഹാം മാത്യുവും നേതൃത്വം നൽകുന്ന പതിനാറംഗ ഭരണസമിതിയാണ് ഈ പ്രസ്ഥാനത്തിന് പിന്നിൽ. വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ 40 വർഷം പിന്തുണ നൽകിയ എല്ലാ ദാതാക്കൾക്കും ട്രസ്റ്റ് ഭാരവാഹികൾ നന്ദി അറിയിച്ചു. എസ്ഡിഎം ഫണ്ട് വൈസ് പ്രസിഡന്റ് ജെയിൻ തോമസ് സ്വാഗതവും സെക്രട്ടറി ജയ് ജോൺസൺ നന്ദിയും പറഞ്ഞു. സ്ഥാപക പ്രസിഡന്റും മുഖ്യ രക്ഷധികാരിയുമായ മാത്യു ഡാനിയേലിനെ പ്രസിഡന്റ് ഏബ്രഹാം മാത്യു പൊന്നാടയണിയിച്ചാദരിച്ചു. കഴിഞ്ഞ നാലുപതിറ്റാണ്ടായി പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ചു ഐവി തോമസ് സദസിനോട് സംസാരിച്ചു. ഈ ചാരിറ്റബിൾ ട്രസ്റ്റിന് നൽകുന്ന സംഭാവനകൾക്ക് നിയമപരമായ നികുതിയിളവ് ലഭിക്കുന്നതാണ്.



