ടെഹ്‌റാന്‍: സ്ത്രീകള്‍ക്കായുള്ള വസ്ത്രധാരണ നിയമത്തിനെതിരെ സംസാരിച്ച ഇറാനിയന്‍ ഗായകന്‍ മെഹ്ദി യാറാഹിക്ക് 74 ചാട്ടവാറടി ശിക്ഷ. ഇറാനിലെ പ്രശസ്ത പ്രതിഷേധ ഗായകനാണ് യാറാഹി, സംഭവത്തില്‍ മെഹ്ദിക്കെതിരെ ക്രിമിനല്‍ കേസെടുക്കുകയായിരുന്നു, കേസ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് 74 ചാട്ടവാറടികള്‍ നല്‍കാന്‍ ഉത്തരവായത്.
2024ല്‍ ഇതിന് മുന്‍പും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് യാറാഹി. 2023ല്‍ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പ്രക്ഷോഭത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ‘റൂ സാരിറ്റോ’ എന്ന പേരില്‍ പ്രതിഷേധ ഗാനം പുറത്തിറക്കിയതിനാലായുരുന്നു അന്നത്തെ ശിക്ഷ.
ഒരു വര്‍ഷത്തെ ശിക്ഷയാണ് യാറാഹിക്ക് വിധിച്ചതെങ്കിലും പിന്നീട് ഇലക്ട്രോണിക് ആങ്കിള്‍ മോണിറ്ററിങിന് (ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചുള്ള പിന്തുടരല്‍) വിധേയമാക്കുകയായിരുന്നു. ഈ ശിക്ഷ അവസാനിച്ചത് ഡിസംബര്‍ മാസത്തിലായിരുന്നു. യാറാഹിക്കായി ജാമ്യം നിന്നയാള്‍ നല്‍കിയ 15 ബില്യണ്‍ തിരികെ നല്‍കുന്നത് ചാട്ടവാറടി നേരിടുന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
’74 ചാട്ടവാറടികള്‍ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. എങ്കിലും മനുഷ്യത്വരഹിതമായ ഈ പീഢനം അവസാനിപ്പിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ യാറാഹി തന്റെ എക്സ് അക്കൗണ്ടില്‍ കുറിച്ചു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് കൊണ്ടും, സ്വാതന്ത്ര്യത്തിന്റെ വില അറിയാത്തവര്‍ അത് അര്‍ഹിക്കുന്നില്ല, ഏവര്‍ക്കും സ്വാതന്ത്ര്യം ആശംസിച്ചുകൊണ്ടുമാണ് യാറാഹി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്. യാറാഹിക്കെതിരായ ചാട്ടവാറടിയുടെ വാര്‍ത്തര ഇറാനില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക രോഷത്തിന് കാരണമായി.
”ഇറാന്‍ സ്ത്രീകളെ പിന്തുണച്ചതിനാണ് യാറാഹി ചാട്ടവാറടി കൊള്ളാന്‍ പോകുന്നത്. ഇത് ഇറാനിലെ അഭിമാനികളായ സ്ത്രീകള്‍ക്കും, ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന പ്രസ്ഥാനത്തിനും നേരെയുള്ള ആക്രമണമാണ്.” നൊബേല്‍ ജേതാവായ നര്‍ഗസ് മൊഹമ്മദി തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2024ല്‍ കുറഞ്ഞത് 131 വ്യക്തികളെയെങ്കിലും ഇറാനിയന്‍ ജുഡീഷ്യറി ചാട്ടവാറടിക്ക് വിധേയരാക്കിയിട്ടുണ്ട്. 131 ആളുകള്‍ക്ക് 9,957 അടികളാണ് കിട്ടിയിട്ടുള്ളത് ഹ്യൂമന്‍ റൈറ്റ്സ് ആക്ടീവിസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.



