വിസ്കോൺസിൻ (യു.എസ്): സ്വന്തം മാതാവിനേയും രണ്ടാനച്ഛനേയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾക്ക് രണ്ടാഴ്ചയോളം കാവലിരുന്ന 17കാരൻ അറസ്റ്റിൽ. അമേരിക്കയിലെ വിസ്കോൺസിനിലെ വുകേഷാ എന്ന സ്ഥലത്തെ നികിത കസാപ് എന്ന കൗമാരക്കാരനെ നെയാണ് കഴിഞ്ഞ ദിവസം പൊലീസ്അറസ്റ്റ് ചെയ്തത്.
കൊലപാതക കുറ്റമടക്കമാണ് ചുമത്തിയത് മാതാവ് 35കാരിയായ ടാറ്റിയാന കസാപ്, 51കാരനായ രണ്ടാനച്ഛൻ ഡൊണാൾഡ് മേയർ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവുമായി ബന്ധപ്പെടാൻ ബന്ധുക്കൾ ശ്രമിച്ച് സാധിക്കാതെ വന്നതിന് പിന്നാലെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വുകേഷയിലെ വീട്ടിൽ നിന്ന് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. വെടിയേറ്റ് മരിച്ചതിന് പിന്നാലെ അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് ആഴ്ചയോളം 17കാരൻ സ്കൂളിലും എത്തിയിരുന്നില്ല. ഇതിന് കൃത്യമായ കാരണവും സ്കൂൾ അധികൃതർക്ക് ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്കൂൾ അധികൃതർ പൊലീസിനെ ബന്ധപ്പെട്ടത്.
വീട്ടിൽ നിന്ന് രക്ഷപ്പെട്ട 17കാരനെ വാഹനപരിശോധനയ്ക്കിടയിലാണ് പിടികൂടിയത്. വീട്ടിൽ നിന്ന് 1287 കിലോമീറ്റർ അകലെ നിന്നാണ് 17കാരൻ അറസ്റ്റിലായത്. രണ്ടാനച്ഛന്റെ കാറുമായാണ് 17കാരൻ അറസ്റ്റിലായത്. രണ്ടാനച്ഛന്റെ തോക്ക് ഉപയോഗിച്ചായിരുന്നു കൌമാരക്കാരന്റെ കൊലപാതകം. മൃതദേഹം ഒളിപ്പിക്കുക, തെളിവ് നശിപ്പിക്കുക, മോഷണം, തിരിച്ചറിയൽ കാർഡ് അനധികൃതമായി ഉപയോഗിച്ചത് അടക്കമുള്ള കുറ്റങ്ങളാണ് 17കാരനെതിരെ ചുമത്തിയത്.