ഹൂസ്റ്റണ്‍: യുഎസിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് സംഘടനയായ സൗത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ (SIUCC) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാമൂഹിക പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. ജോര്‍ജ്ജ് എം. കാക്കനാട് ആണ് പുതിയ പ്രസിഡന്റ്. ബ്രൂസ് കൊളംബേലിനെ സെക്രട്ടറിയായും സണ്ണി കാരിയ്ക്കലിനെ ട്രഷററായും ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. അമേരിക്കയിലെ ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി പ്രതിജ്ഞാബദ്ധമായ സംഘടനയെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ പുതിയ ഭരണസമിതിക്ക് സാധിക്കുമെന്ന് യോഗം വിലയിരുത്തി.
പതിനഞ്ചാം വാര്‍ഷികവും ബിസിനസ് കോണ്‍ക്ലേവും
കഴിഞ്ഞ 15 വര്‍ഷത്തിലേറെയായി ഹൂസ്റ്റണിലെ ബിസിനസ് മേഖലയില്‍ നിര്‍ണ്ണായക സ്വാധീനമായി മാറിയ SIUCC, പുതിയ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും ബിസിനസ് സൗഹൃദ നയങ്ങള്‍ക്കായി വാദിക്കുന്നതിലും മുന്‍പന്തിയിലുണ്ട്. സംഘടനയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ രീതിയിലുള്ള ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ബ്രൂസ് കൊളംബേല്‍ അറിയിച്ചു. ബിസിനസ് സ്ഥാപനങ്ങളെ കോര്‍ത്തിണക്കി കൂടുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ വരും നാളുകളില്‍ കാഴ്ചവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുഭവസമ്പത്തും പുതിയ ദിശാബോധവും
സ്ഥാപക പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് കാക്കനാട്, സ്ഥാപക ട്രഷറര്‍ സണ്ണി കരിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അനുഭവസമ്പത്ത് സംഘടനയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് സ്ഥാപക സെക്രട്ടറി ജോര്‍ജ്ജ് കൊളാച്ചേരില്‍ പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ 35 അംഗ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സുമായി പ്രവര്‍ത്തിക്കുന്ന സംഘടനയിലേക്ക് കൂടുതല്‍ അംഗങ്ങള്‍ എത്തുന്നത് വളര്‍ച്ചയുടെ അടയാളമാണെന്ന് മുന്‍ പ്രസിഡന്റ് ഫിലിപ്പ് കൊച്ചുമ്മന്‍ അഭിപ്രായപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ബിസിനസ് മേഖലയില്‍ അഗ്രഗണ്യരും കമ്മ്യൂണിറ്റിക്ക് പ്രിയപ്പെട്ടവരുമാണെന്നും, ഇത് സംഘടനയുടെ അടുത്ത ഘട്ടത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നും മുന്‍ പ്രസിഡന്റും നിലവില്‍ ഫോമയുടെ പ്രസിഡന്റുമായി ബേബി മണക്കുന്നേല്‍ പറഞ്ഞു. ബിസിനസ് മേഖലയിലെ മുന്‍ഗണനകള്‍ പുതുക്കി നിശ്ചയിക്കാനുള്ള പുതിയ ടീമിന്റെ തീരുമാനം ശ്ലാഘനീയമാണെന്ന് മുന്‍ പ്രസിഡന്റ് ജിജി ഓലിക്കന്‍ അഭിപ്രായപ്പെട്ടു.
പുതിയ സംരംഭകര്‍ക്ക് അമേരിക്കയിലെ ബിസിനസ് സാധ്യതകള്‍ മനസ്സിലാക്കി കൊടുക്കുന്നതിനും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും സംഘടന എന്നും ഒപ്പമുണ്ടാകുമെന്ന് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജിജു കുളങ്ങര അറിയിച്ചു. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന് കരുത്തുപകരാനുള്ള കര്‍മ്മപദ്ധതികളുമായി SIUCC മുന്നോട്ട് കുതിക്കണമെന്ന് മുന്‍ പ്രസിഡന്റ് സക്കറിയ കോശി അഭിപ്രായപ്പെട്ടു.
പുതിയ ഭരണസമിതി അംഗങ്ങള്‍:
പ്രസിഡന്റ്: ഡോ. ജോര്‍ജ്ജ് എം. കാക്കനാട്
വൈസ് പ്രസിഡന്റ്: ജോമോന്‍ ഇടയാടിയില്‍
സെക്രട്ടറി: ബ്രൂസ് കൊളംബേല്‍
ജോയിന്റ് സെക്രട്ടറി: സോണി ജോസഫ്
ട്രഷറര്‍: സണ്ണി കാരിക്കല്‍
ജോയിന്റ് ട്രഷറര്‍: സാം സുരേന്ദ്രന്‍
ബിസിനസ് മേഖലയിൽ കരുത്തായി 15 വർഷങ്ങൾ
ഹൂസ്റ്റണിലെ ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന SIUCC (South Indian US Chamber of Commerce) വിജയകരമായ 15 വർഷങ്ങൾ പിന്നിടുന്നു. പ്രാദേശിക സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ബിസിനസ് സ്ഥാപനങ്ങളുടെ ഒരു സന്നദ്ധ കൂട്ടായ്മയായിട്ടാണ് SIUCC പ്രവർത്തിക്കുന്നത്.
വ്യവസായ മേഖലയ്ക്ക് അനുകൂലമായ ബിസിനസ് സൗഹൃദ നയരൂപീകരണത്തിനായി ഭരണകൂടങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നു, സംരംഭകർക്ക് പരസ്പരം ബന്ധപ്പെടാനും സഹകരിക്കാനും വേദിയൊരുക്കുന്നു, പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക ഉന്നമനത്തിനുമായി നിരന്തരം പ്രവർത്തിക്കുന്നു, ബിസിനസ് സ്ഥാപനങ്ങൾക്ക് മികച്ച പ്രതിച്ഛായയും വിശ്വാസ്യതയും ഉറപ്പാക്കാൻ സഹായിക്കുന്നു തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സംഘടന വ്യവസായി സമൂഹത്തിനിടെ ആഴത്തിൽ ഇറങ്ങി ചെന്നിരിക്കുന്നു.
ഹൂസ്റ്റണിലെ ഇന്ത്യൻ ബിസിനസ് സമൂഹത്തിന്റെ ഉന്നമനത്തിനായി സുതാര്യവും ആധികാരികവുമായ ഇടപെടലുകളാണ് SIUCC നടത്തിവരുന്നത്. സംഘടനയുടെ പത്താം വാർഷികാഘോഷം ഹൂസ്റ്റണിലെ പ്രമുഖ സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ചരിത്രപരമായ ചടങ്ങായി മാറിയിരുന്നു.



