Sunday, March 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി

ഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി

ബിബി തെക്കനാട്ട്

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും, ഈ ഇടകാംഗങ്ങളായ വിവിധ കുടുംബങ്ങളുടെയും നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ നാല് ദൈവാലയങ്ങളും ഒരു വിദ്യാലയവും നിർമ്മിച്ചു നൽകി. തിരുസഭയുടെ മഹാജൂബിലി വർഷമായ 2025-ന്റെ ഭാഗമായാണ് മിഷൻ രൂപതയെ സഹായിക്കുന്ന ഈ ബൃഹത്തായ പദ്ധതികൾ പൂർത്തിയാക്കിയത്.

ഇടവക വികാരി ഫാ. എബ്രഹാം മുത്തോലത്ത് വ്യക്തിപരമായി ആറ് ദൈവാലയങ്ങൾ മിയാവു രൂപതയിൽ നിർമ്മിച്ചു നൽകിയത് ഇടവകാംഗങ്ങൾക്ക് വലിയ പ്രചോദനമായി. ഇതേത്തുടർന്ന് വികാരിയുടെ പ്രോത്സാഹനത്തോടെ ഇടവകയിലെ വിവിധ കുടുംബങ്ങൾ മിഷൻ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ മുന്നോട്ടുവരികയായിരുന്നു.

നിർമ്മിക്കപ്പെട്ട പദ്ധതികളും സ്പോൺസർമാരും: (1) സെന്റ് മേരീസ് ചർച്ച്: ഇടവകാംഗങ്ങളുടെ പൊതുവായ സഹകരണത്തോടെ. (2) സെന്റ് ജോസഫ് ചർച്ച്: കുര്യൻ & ലീലാമ്മ മൂക്കേട്ട് കുടുംബം. (3) സെന്റ് ജോസഫ് സ്കൂൾ: ജായച്ചൻ & തെരേസ തയ്യിൽപുത്തൻപുരയിൽ, (4) സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച്: ലീലാമ്മ ഫ്രാൻസീസ് ഇല്ലിക്കാട്ടിൽ, (5) കോർപ്പസ് ക്രിസ്റ്റി ചർച്ച്: മാത്യു കൊഴിയംപറമ്പത്ത്.

ദൈവാലയങ്ങളുടെയും സ്കൂളിന്റെയും വെഞ്ചരിപ്പുകർമം മാർ ജോർജ് പള്ളിപ്പറമ്പിൽ നിർവഹിച്ചു. കോഹിമാ ബിഷപ്പ് മാർ ജെയിംസ് തോപ്പിൽ, ഫാ. ജോൺ വെട്ടിക്കനാൽ ഉൾപ്പെടെ അനവധി വൈദികരും സന്യസ്തരും വിവിധ ഗോത്രവർഗക്കാർ ഉൾപ്പെടെ നിരവധി വിശ്വാസികളും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. ആദിവാസി സമൂഹങ്ങളുടെ ആകർഷകമായ കലാരൂപങ്ങൾ ചടങ്ങുകളുടെ മാറ്റു വർദ്ധിപ്പിച്ചു.

മിയാവു രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് പള്ളിപ്പറമ്പിൽ സ്പോൺസർമാരുടെ ഉദാരമായ സംഭാവനകളെയും ഫാ. എബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തെയും അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു. പള്ളികളുടെയും സ്കൂളുകളുടെയും വെഞ്ചരിപ്പുകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനായി ഇടവകാംഗങ്ങളുടെ ഒരു സംഘം വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് മിഷൻ തീർത്ഥാടനം നടത്തി.

യേശുവിന്റെ സുവിശേഷം ലോകമെമ്പാടും എത്തിക്കുക എന്ന സഭയുടെ പ്രാഥമിക ദൗത്യത്തിൽ മിഷൻ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. സാമ്പത്തികമായും ഭൗതികമായും പിന്നോക്കം നിൽക്കുന്ന മിഷൻ മേഖലകളെ സഹായിക്കുന്നത് വെറും ജീവകാരുണ്യ പ്രവർത്തിയല്ല, മറിച്ച് ക്രിസ്തുവിന്റെ സാക്ഷികളാകാനുള്ള വിശ്വാസികളുടെ ഉത്തരവാദിത്തമാണ്. ഇത്തരം പ്രവർത്തനങ്ങളിലൂടെ സഭയുടെ സ്നേഹവും പ്രകാശവും അന്യനാടുകളിലെ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്ന് വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് പ്രസ്ഥാവിച്ചു. സ്പോൺസർമാർക്ക് അദ്ദേഹം നന്ദി അർപ്പിക്കുകയും ഇത്തരം സേവനം മറ്റുള്ളവർക്കു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments