ലിൻസ് താന്നിച്ചുവട്ടിൽ
ദാമ്പത്യം ഒരു മഹാകാവ്യമാണ്. വായിക്കുംതോറും കൂടുതല്‍ കൂടുതല്‍ അര്‍ത്ഥതലങ്ങള്‍ മുളപൊട്ടുന്ന ഒരു മഹാകാവ്യം. വിവാഹജീവിതം ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പു രണ്ടുപേരും രണ്ടുവഴിക്കാകുന്ന ഇന്നത്തെ ചില ദാമ്പത്യങ്ങള്‍ക്കിടയില്‍ ഒരേ മേല്‍ക്കൂരയ്ക്ക് കീഴില്‍ 75 വര്‍ഷം ഒരുമിച്ചു ജീവിച്ചു എന്നുപറയുന്നത് തന്നെ ഏറ്റവും വലിയ വിസ്മയവും അത്ഭുതവുമാണ്. മനുഷ്യന്റെ ആയുസ് ഏറിയാല്‍ എഴുപത് എന്നൊക്കെയാണല്ലോ ബൈബിള്‍ പറയുന്നത്. ഈ അത്ഭുതങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ടുവേണം കളപ്പുരയ്ക്കല്‍ കരോട്ട് കുര്യന്‍ – മറിയാമ്മ ദമ്പതികളുടെ ദാമ്പത്യപ്രയാണത്തിലെ 75 വര്‍ഷങ്ങളെ കാണേണ്ടത്.

ദാമ്പത്യജീവിതത്തിലെ മഴയും വെയിലും മഞ്ഞും അനുഭവിച്ച് മുന്നോട്ടുകടന്നുപോയ 75 വര്‍ഷങ്ങളിലൂടെയാണ് ഇവര്‍ കടന്നുപോയിരിക്കുന്നത്. ഇക്കാലയളവില്‍ ലഭിച്ച നന്മകളെ അനുസ്മരിച്ചു ദൈവത്തിന് മുമ്പില്‍ കൃതജ്ഞതയര്‍പ്പിക്കാനായി മക്കളും മരുമക്കളും കൊച്ചുമക്കളും മറ്റ് പ്രിയപ്പെട്ടവരുമായി അവര്‍ ചിക്കാഗോയിലെ ബെന്‍സന്‍വില്‍ ദേവാലയത്തില്‍ ഈ ശനിയാഴ്ച ഒരുമിച്ചുകൂടുമ്പോള്‍ അത് പുതിയതലമുറയെ സംബന്ധിച്ചിടത്തോളം പുതിയൊരു പാഠവും തിരിച്ചറിവുമായിത്തീരുകയാണ്. ദൈവാശ്രയബോധത്തില്‍ അടിയുറച്ചും അധ്വാനിച്ചും ക്ഷമിച്ചും സഹിഷ്ണുതപുലര്‍ത്തിയും മുന്നോട്ടുപോയാല്‍ മാത്രമേ കുടുംബജീവിതം വിജയിക്കാനാവൂ എന്നാണ് ഈ ദമ്പതികള്‍ ലോകത്തോട് പറയുന്നത്, മൂല്യബോധമുള്ളവരായി മക്കളെ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയും ഈ ദമ്പതികള്‍ക്ക് പറയാനുണ്ട്.
പഴകുംതോറും വീര്യമേറുന്ന വീഞ്ഞുകണക്കെയാണ് ഇവര്‍ക്കിടയിലെ സ്‌നേഹം. ഈ സ്‌നേഹവും അടുപ്പവും മാംസനിബദ്ധമല്ല പ്രണയം എന്ന രഹസ്യത്തിനു കൂടിയാണ് അടിവരയിടുന്നത്. ആയൂരാരോഗ്യത്തോടെ ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ ഇവര്‍ക്ക് കഴിയട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്യാം. ആലപ്പുരയ്ക്കൽ കുടുംബാംഗമായ മറിയാമ്മയെ കുര്യൻ വിവാഹം കഴിക്കുമ്പോൾ കുര്യനു വയസ് 21. മറിയാമ്മയ്ക്ക് 16. ചിക്കാഗോയിൽ മകൻ ബിനുവിനും ഭാര്യ ജിൻസിയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം താമസിക്കുമ്പോഴും തങ്ങൾ കടന്നു വന്ന വഴികളിലെ ദൈവകൃപയെക്കുറിച്ചാണ് ഇവർ വാചാലരാവുന്നത്.

കൊച്ചുമക്കളുടെ മക്കളെ ലാളിക്കുവാനുള്ള സുദുർലഭമായ ഭാഗ്യവും ഇവരെ തേടിയെത്തിയിട്ടുണ്ട്. മകൻ. ബിനുവിനും മരുമകൾ ജിൻസിയ്ക്കുമൊപ്പം താമസിക്കുന്ന ഇവർക്ക് മറ്റു മക്കളും മരുമക്കളുമായ പെണ്ണമ്മ (ജോർജ് ചക്കാലത്തൊട്ടിയിൽ), മോളി (ജോസഫ് പുളിക്കമറ്റം), ഡെയ്‌സി (റോയി ഊരിയത്ത്), ലൈസാമ്മ (പരേതനായ ബിജു തുരുത്തിയിൽ), എന്നിവരെല്ലാം ഒരു വിളിപ്പാടകലെയുണ്ടെന്നത് അവരുടെ വാർദ്ധക്യത്തെ ധന്യമാക്കുന്നതായി അവർ പറയുന്നു. വിവാഹത്തിൻറെ ഏഴരപ്പതിറ്റാണ്ടു പൂർത്തിയാക്കുന്ന ഇവർ രണ്ടുപേരും പുതുതലമുറയ്ക്ക് വഴിവിളക്കാവട്ടെയെന്നും ദൈവാനുഗ്രഹത്തിൻറെ നീർച്ചാലുകൾ അവിരാമം അവരുടെമേൽ ഒഴുകട്ടെയെന്നും ക്നാനായ റീജിയൻ ഡയറക്ടറും ചിക്കാഗോ സെ. തോമസ് സീറോമലബാർ രൂപതാ വികാരിജനറാലുമായ റവ.ഫാ. തോമസ് മുളവനാലും ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫോറോന വികാരി റവ. ഫാ.അബ്രാഹം കളരിയ്ക്കലും ആശംസിച്ചു.



