പി. പി. ചെറിയാൻ
ഡാലസ് : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സുവർണ്ണ ജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചു. 1973ൽ ഏതാനും കുടുംബങ്ങൾ ചേർന്നു രൂപം നൽകിയ ഈ ചെറിയ പ്രാർഥനാ കൂട്ടം ഇന്ന് അഭിമാനാർഹമായ രീതിയിൽ മികച്ച ദേവാലയമായി മാറി കഴിഞ്ഞു. ഇരുന്നൂറിൽ പരം കുടുംബങ്ങൾ ഇന്ന് സെന്റ് മേരീസ് വലിയ പള്ളിയിൽ ആരാധനക്കായി ഒത്തു ചേരുന്നു
സുവർണ്ണ വർഷമായ 2023ൽ വിവിധ കാര്യങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. സഭയുടെ പരമാധ്യക്ഷൻ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുള്ള സമ്മേളനങ്ങൾ, വൈവിധ്യമായ കലാവിരുന്നുകൾ, നിരാശ്രയരും നിരാലംബരുമായ വ്യക്തികളെ സഹായിക്കുന്ന പദ്ധതികൾ തുടങ്ങിയവയുടെ ആസൂത്രണം ആരംഭിച്ചു.
ജൂബിലി പ്രവർത്തനങ്ങളുടെ പ്രാരംഭമായി ഇടവകാംഗം ആൻ മേരി ജയൻ വരച്ച ജൂബിലി ലോഗോ പ്രകാശനം ചെയ്തു. വികാരി ഫാദർ സിജി തോമസ്, സഹവികാരി ഫാ. ഡിജു സ്കറിയ ഭാരവാഹികളായ ജെയിംസ് തെക്കുംകൽ, ബോബൻ കൊടുവത്ത്, റോജി എബ്രഹാം മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി