ഗസ്സ സിറ്റി: ഖത്തർ ആഭിമുഖ്യത്തിലുള്ള മധ്യസ്ഥ ചർച്ച വഴി രണ്ട് അമേരിക്കൻ തടവുകാരെ വിട്ടയച്ച ഹമാസ് നടപടിക്കിടയിലും ഗസ്സയിൽ വ്യോമാക്രമണം രൂക്ഷം. നൂറിലേറെ കേന്ദ്രങ്ങളിൽ ഇന്നലെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ഇതോടെ മരണ സംഖ്യ നാലായിരം കടന്നു. ആശുപത്രികൾ ഭൂരിഭാഗവും അടച്ചിടലിന്റെ വക്കിലാണ്. മരുന്നും വെള്ളവും ഭക്ഷണവും ലഭിക്കാതെ പതിനായിരങ്ങൾ ദുരിതത്തിലാണ്. ഇതിനിടയിലും തുടരുകയാണ്, സിവിലിയൻ കേന്ദ്രങ്ങളെ ഉന്നം വെച്ചുള്ള വ്യോമാക്രമണങ്ങൾ. ഗസ്സയിലെ അൽ ഖുദ്‌സ് ആശുപത്രിയിൽ നിന്ന് എല്ലാവരെയും ഉടൻ ഒഴിപ്പിക്കാൻ സൈന്യം രാത്രി മുന്നറിയിപ്പ് നൽകി. രോഗികളും കൂട്ടിരിപ്പുകാരും അഭയം തേടിയെത്തിയവരുമായി ആശുപത്രി കെട്ടിടത്തിലുള്ളത് പന്ത്രണ്ടായിരം പേർ. അൽഅഹ്‌ലി ആശുപത്രിയുടെ നടുക്കുന്ന അനുഭവം മുന്നിലുള്ളതിനാൽ സൈനിക മുന്നറിയിപ്പ് പാലിക്കുകയല്ലാതെ മറ്റു വഴിയില്ല, അൽ ഖുദ്‌സ് ഹോസ്പിറ്റൽ അധികൃതർക്ക്.
ബന്ദികളിൽ ഉൾപ്പെട്ട അമേരിക്കക്കാരി ജുഡിത്ത്, മകൾ നടാലി റാനം എന്നിവരെ ഹമാസ് ഇന്നലെ രാത്രി ഗസ്സയിലെ അന്താരാഷ്ട്ര റെഡ്‌ക്രോസ് സംഘത്തിന് കൈമാറി. മാനുഷിക സമീപനം മുൻനിർത്തിയാണ് ഇവരെ മോചിപ്പിക്കുന്നതെന്ന് ഹമാസ് സൈനിക വിഭാഗം വ്യക്തമാക്കി. മോചനത്തിന് മുൻകൈയെടുത്ത ഖത്തറിന് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ നന്ദി അറിയിച്ചു. അവശേഷിച്ച ബന്ദികളുടെ മോചനം ഉറപ്പാക്കാൻ എല്ലാ മാർഗങ്ങളും ആരായുന്നതായി യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.