ഹൂസ്റ്റണ്‍ : പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യം അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കുന്നതിന് കിണഞ്ഞു പരിശ്രമിക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും അവരുടെ സ്ഥാനാര്‍ഥി മോഹികളും. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമുള്ള പ്രസിഡന്റ് എന്ന വിശേഷണം ഉള്ള ബൈഡന്‍ ഓരോ ദിവസവും സ്വന്തം റെക്കോഡ് പഴങ്കഥയാക്കുകയാണ്. അടുത്ത ടേമില്‍ കൂടി അധികാരം ലഭിച്ചാല്‍ ബൈഡന്റെ പ്രായം സകല റെക്കോഡുകളും മറികടന്നു പുതിയ റെക്കോർഡാകും.
ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളാണ് പ്രസിഡന്റിന്റെ ഭാഗത്തു നിന്ന് വരുന്നത്. ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ജോ ബൈഡന്‍ നിരസിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് വരുന്നത്.
മാസത്തില്‍ രണ്ടുതവണ അറ്റ്ലാന്റിക് കടക്കാനുള്ള ‘ചെറുപ്പം’ പ്രസിഡന്റിനില്ല എന്നതാണ് ഇതിനു കാരണമായി പറയുന്നതെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. മേയ് 6 നാണ് കിരീടധാരണ ചടങ്ങ്. ‘അദ്ദേഹത്തിന്റെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ വളരെയധികം ക്ഷീണിതനാകുന്നത്’ ഒഴിവാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഇതെന്നാണ് സൂചന. ബൈഡന്റെ രാജ്യാന്തര യാത്രകള്‍ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബൈഡന് പകരം അദ്ദേഹത്തിന്റെ ഭാര്യയും പ്രഥമ വനിതയുമായ ജില്‍ ബൈഡൻ ചടങ്ങില്‍ പങ്കെടുത്തേക്കുമെന്ന് സൂചനയുണ്ട്. ബൈഡന്‍ ഈ മാസം അവസാനം വടക്കന്‍ അയര്‍ലന്‍ഡും അടുത്ത മാസം ജി 7 ഉച്ചകോടിക്കായി ജപ്പാനും സന്ദര്‍ശിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കുറഞ്ഞത് മൂന്ന് തവണ അദ്ദേഹം യുകെ പ്രധാനമന്ത്രി ഋഷി സുനകിനെ കാണുമെന്നും പ്രതീക്ഷിക്കുന്നു.
കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പ്രസിഡന്റ് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് വാഷിങ്ടനും ലണ്ടനും സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുഎസിലെ ബ്രിട്ടിഷ് അംബാസഡര്‍ കാരെന്‍ പിയേഴ്‌സ് നേരത്തെ വൈറ്റ് ഹൗസുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു, എന്നിരുന്നാലും, അദ്ദേഹത്തിന് മുന്‍കൂട്ടി ഏറ്റിരുന്ന പരിപാടികളിൽ പങ്കെടുക്കാനുള്ള പ്രതിബദ്ധതയുണ്ടെന്ന് ബൈഡന്റെ സഹായികള്‍ പറഞ്ഞു.
ഇപ്പോള്‍ 80 വയസ്സുള്ള ബൈഡന്‍, സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ യുഎസിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരുന്നു. രണ്ടാം സ്ഥാനത്ത് ഡൊണള്‍ഡ് ട്രംപാണ്. ബൈഡനും ഭാര്യയും സെപ്റ്റംബറില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടന്ന എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. യൂറോപ്യന്‍ രാഷ്ട്രത്തലവന്മാര്‍ക്ക് പിന്നിലായായിരുന്നു ബൈഡന്റെ ഇരിപ്പിടം ക്രമീകരിച്ചിരുന്നത്. ഇത് അപമാനിക്കുന്നതിനു തുല്യമെന്ന തരത്തില്‍ ചില വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.