Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമേരിക്കയില്‍ പതിനായിരം കിലോമീറ്റര്‍ നീളുന്ന ദേശീയ ദിവ്യകാരുണ്യ പ്രദക്ഷിണം ഒരുങ്ങുന്നു

അമേരിക്കയില്‍ പതിനായിരം കിലോമീറ്റര്‍ നീളുന്ന ദേശീയ ദിവ്യകാരുണ്യ പ്രദക്ഷിണം ഒരുങ്ങുന്നു

വാഷിംഗ്‌ടണ്‍ ഡി.സി: ദിവ്യകാരുണ്യ ഭക്തി വീണ്ടും ഊട്ടിയുറപ്പിക്കാന്‍ അടുത്ത വര്‍ഷം അമേരിക്കയില്‍ ഉടനീളം ‘ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനം’ (നാഷണല്‍ യൂക്കരിസ്റ്റിക് പില്‍ഗ്രിമേജ്) ഒരുങ്ങുന്നു. അമേരിക്കയിലെ ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ എക്സിക്യുട്ടീവ്‌ വിഭാഗമാണ് രണ്ടു മാസ കാലയളവില്‍ രാജ്യത്തു ദേശീയ ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിക്കുക. ആറായിരത്തിയഞ്ഞൂറു മൈല്‍ അഥവാ 10460 കിലോമീറ്റര്‍ ദൈര്‍ഖ്യമേറിയതാണ് തീര്‍ത്ഥാടനം. രാജ്യത്തിന്റെ നാല് ദിക്കുകളില്‍ നിന്നെത്തുന്ന 4 ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളും 2024 ജൂലൈ 16-ന് നാഷണല്‍ യൂക്കരിസ്റ്റിക് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യാന പോളിസില്‍ ഒരുമിക്കും. തീര്‍ത്ഥാടനങ്ങളിലൂടെ വിശ്വാസം പ്രഘോഷിക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ മോഡേണ്‍ കത്തോലിക് പില്‍ഗ്രിമിന്റെ സഹായത്തോടെ നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവല്‍ ക്യാംപെയിനാണ് തീര്‍ത്ഥാടനം ഒരുക്കുന്നത്.

യേശു രണ്ടു അനുയായികള്‍ക്കൊപ്പം എമ്മാവൂസിലേക്ക് സഞ്ചരിച്ചതിന്റെ ഓര്‍മ്മക്കായി ‘നാഷണല്‍ എമ്മാവൂസ് മൊമന്റ്’ എന്നാണ് സംഘാടകര്‍ ഈ തീര്‍ത്ഥാടനത്തിന് പേര് നല്‍കിയിരിക്കുന്നത്. യാത്രയിലും, അപ്പം മുറിക്കുമ്പോഴും ഉത്ഥിതനായ ക്രിസ്തുവിന്റെ കണ്ടുമുട്ടുവാനുള്ള ഒരു ക്ഷണമാണ് എമ്മാവൂസിലേക്കുള്ള പാതയുടെ മാതൃകയിലുള്ള ഈ തീര്‍ത്ഥാടനമെന്നു മോഡേണ്‍ കത്തോലിക് പില്‍ഗ്രിമിന്റെ പ്രസിഡന്റായ വില്‍ എഫ് പീറ്റേഴ്സന്‍ പറഞ്ഞു. യേശു ക്രിസ്തു സത്യമായും ദിവ്യകാരുണ്യത്തില്‍ സന്നിഹിതനാണെന്നും, നമ്മുടെ രാഷ്ട്രത്തിലുടനീളം സഞ്ചരിക്കുന്നതിലൂടെ അവിടുന്ന് വിശന്നു നില്‍ക്കുന്ന ആത്മാക്കളെ തന്റെ വിരുന്ന് സ്വീകരിക്കാന്‍ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024-ലെ പെന്തക്കൂസ്ത തിരുനാള്‍ ദിനമായ മെയ് 17-ന് പടിഞ്ഞാറു ഭാഗത്ത് സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും, വടക്ക് ഭാഗത്തെ തീര്‍ത്ഥാടനങ്ങള്‍ ബെമിഡ്ജി, മിന്നിസോട്ട എന്നിവിടങ്ങളില്‍ നിന്നും, കിഴക്ക് ഭാഗത്തെ തീര്‍ത്ഥാടനങ്ങള്‍ ന്യു ഹാവന്‍, കണക്ടിക്യൂട്ട്, തെക്ക് ഭാഗത്ത് നിന്നുള്ള തീര്‍ത്ഥാടനങ്ങള്‍ ബ്രൌണ്‍സ് വില്ലെ, ടെക്സാസ് എന്നീ നഗരങ്ങളില്‍ നിന്നുമായിരിക്കും ആരംഭിക്കുക. ദിവ്യകാരുണ്യ പ്രദക്ഷിണം കടന്നുപോകുന്ന പ്രധാന നഗരങ്ങളിലും, ദേവാലയങ്ങളിലും, കത്തോലിക്കാ കോളേജുകളിലും, പുണ്യ കേന്ദ്രങ്ങളിലും പ്രാര്‍ത്ഥിക്കാന്‍ പ്രത്യേക അവസരമുണ്ട്. ഇടവക ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന, ആരാധന, ദിവ്യകാരുണ്യ സംബന്ധമായ പ്രഭാഷണങ്ങള്‍ എന്നിവയും നടക്കും. പ്രധാന ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ഞായറാഴ്ചകളിലാണ് നടക്കുക.

ഇടദിവസങ്ങളില്‍ ചെറിയ ദിവ്യകാരുണ്യ പ്രദക്ഷിണങ്ങള്‍ ഉണ്ടായിരിക്കും. 19നും 29നും ഇടയിലുള്ള യുവജനങ്ങളായിരിക്കും മുഴുവന്‍ സമയവും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുക. ഏതാണ്ട് ഒരുലക്ഷത്തോളം പേര്‍ തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കുമെന്നു നാഷണല്‍ യൂക്കരിസ്റ്റിക് റിവൈവലിന്റെ വെബ്സൈറ്റില്‍ പറയുന്നു. വിശുദ്ധ ജൂനിപെറോ സെറായുടെ ആദരവിനായി പടിഞ്ഞാറന്‍ റൂട്ടിനെ ‘സെറാ റുട്ട്’ എന്നും, വിശുദ്ധ എലിസബത്ത്‌ ആന്‍ സേറ്റോണിന്റെ ആദരവിനായി കിഴക്കന്‍ റൂട്ടിനെ ‘സേട്ടോണ്‍ റൂട്ട്’ എന്നും, വടക്കന്‍ റൂട്ടിനെ ‘മരിയന്‍ റൂട്ട്’ എന്നുമാണ് പേരിട്ടിരിക്കുന്നത്. ഗ്വാഡലൂപ്പയില്‍ ദൈവമാതാവിന്റെ ദര്‍ശനം കിട്ടിയ വിശുദ്ധ ജുവാന്‍ ഡിഗോയാണ് തെക്കന്‍ റൂട്ടിന്റെ മധ്യസ്ഥന്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments