വാഷിങ്‌ടൻ: മുൻ റിപ്പബ്ലിക്കൻ ജനപ്രതിനിധി വിൽ ഹർഡ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കാനായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. ഇതോടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാവാൻ ശ്രമിക്കുന്നവരുടെ സംഖ്യ പതിമൂന്നായി. ഈ സ്ഥാനാർത്ഥികളെ പരിചയപ്പെടാം.
1) 55 വയസുകാരൻ റയാൻ ബിങ്ക്‌ലി. നോർത്ത് ടെക്‌സസിലെ റിച്ചാർഡ്സണിലെ ക്രിയേറ്റ് ചർച്ചിൽ പാസ്റ്ററാണ്. മെർജേഴ്സ് ആൻഡ് അക്വിസിഷൻസ് കോൺഗ്ലോമറേറ്റ് ജനറേഷനൽ ഇക്വിറ്റി ഗ്രൂപ്പ് സിഇഒയും പ്രസിഡന്റും കോഫൗണ്ടറും. ഭാര്യ എല്ലി. ഇരുവർക്കും അഞ്ച് കുട്ടികളുണ്ട്. രാഷ്ട്രീയത്തിൽ കന്നിക്കാരനാണ്.
2) ഡഗ്‌ബെർഗം(പ്രായം 66). ബിസിനസ് പശ്ചാത്തലം. മുൻ സീനിയർ വൈസ് പ്രസിഡന്റ്, മൈക്ര സോഫ്ട്. ആദ്യ വിവാഹത്തിൽ മൂന്ന് കുട്ടികൾ. രണ്ടാം വിവാഹം 2016 ൽ കാതറിനുമായി. 2016 ലും 2020ലും നോർത്ത് ഡക്കോട്ട ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. പെട്രോൾ വ്യവസായികളുടെ സുഹൃത്ത്. ചെറിയ ഗവൺമെന്റും ചുരുക്കം നികുതികളും ലക്ഷ്യമെന്ന് അവകാശപ്പെടുന്നു.
3) ക്രിസ്‌കിസ്റ്റി – മുൻ ന്യൂജഴ്‌സി ഗവർണർ. ഭാര്യ പാറ്റിയെ 1986 ൽ വിവാഹം കഴിച്ചു. ഇരുവർക്കും നാല് കുട്ടികൾ. 60 കാരനായ ക്രിസ്റ്റി ട്രംപിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും നിശിതമായി വിമർശിക്കുന്നു. ഗർഭഛിദ്ര വിഷയം സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യണമെന്ന അഭിപ്രായക്കാരനാണ്.
4) റോൺ ഡി സാന്റെസ് – 44 കാരനായ ഫ്‌ളോറിഡ ഗവർണർ. ഭാര്യ മുൻ ടെലിവിഷൻ അവതാരക കാസി. ഇരുവരും 2009 ൽ വിവാഹിതരായി. രണ്ട് പെൺമക്കളും ഒരു മകനുമുണ്ട്. കോവിഡ് കാലത്ത് മാസ്ക് നിർബന്ധമാക്കുന്നതിനെതിരെയും വിദ്യാലയങ്ങൾ തുറക്കുന്നതിനു വേണ്ടിയും നിലപാടെടുത്തു. ഗവർണറാകുന്നതിന് മുൻപ് സംസ്ഥാന ജനപ്രതിനിധിയായിരുന്നു. റിപ്പബ്ലിക്കൻ പ്രൈമറികളിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത എതിരാളിയായി കരുതപ്പെടുന്നു.
5) 70 കാരനായ ലാരി എൽഡർ ഒരു തവണ വിവാഹിതനായിരുന്നു. കുട്ടികളില്ല. സ്ക്കൂൾ ചോയ്സ് വേണമെന്ന അഭിപ്രായക്കാരനാണ്. അതിർത്തി സംരക്ഷിക്കണം. ചൈനയെ നിലയ്ക്കു നിർത്തണമെന്നെല്ലാം ആവശ്യപ്പെടുന്ന എൽഡർ കലിഫോർണിയക്കാരനാണ്.
6) നിക്കി ഹേലി –51. മുൻ സൗത്ത് കാരോലൈന ഗവർണറും മുൻ യുഎൻ അംബാസിഡറും. ഇന്ത്യൻ വംശജയ ഹേലിയുടെ ഭർത്താവ് മൈക്കലാണ്. ഇരുവരും വിവാഹം കഴിഞ്ഞിട്ട് 26 വർഷമായി. രണ്ട് കുട്ടികൾ. തിരഞ്ഞെടുപ്പിൽ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഗർഭഛിദ്രത്തിന് എതിരാണ്. ഇസ്രേലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നു.
7) വിൽ ഹർഡ് – 45 വയസ്. ഭാര്യ ലൈനിൽ. മൂന്ന് തവണ ജനപ്രതിനിധിയായി.
8) അസ ഹച്ചിൻസൺ – മുൻ അർകെൻസ ഗവർണർ– 72 കാരൻ. 1973 ൽ വിവാഹിതനായി. ഭാര്യ സൂസൻ. നാല് മക്കളും ഏഴ് കൊച്ചുമക്കളുമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയിൽ ദീർഘകാലമായി പ്രവർത്തിക്കുന്നു.
9) മൈക്ക് പെൻസ് – മുൻ വൈസ് പ്രസിഡന്റ്. ക്യാപ്റ്റോളിലെ ആക്രമണത്തിന് മുൻപ് വരെ ട്രംപിന്റെ വിശ്വസ്തനായിരുന്നു. ആക്രമണത്തെതുടർന്ന് വിമർശകനായി. പ്രൈമറികളിൽ ട്രംപിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
10) വിവേക് രാമസ്വാമി – 37 കാരനായ ഇന്ത്യൻ വംശജൻ. മുൻ ബയോടെക് നിക്ഷേപകൻ. സ്വന്തം റിസർച്ച് കമ്പനി റിയോവാന്റ് സയൻസസ്. സ്ട്രൈവ് അസറ്റ് മാനേജ്മെന്റിന്റെയും തലവൻ. ഭാര്യ അപൂർവ തിവാരി ത്രോട്ട് സർജനാണ്. രണ്ട് കുട്ടികൾ. മൂന്ന് പുസ്തകങ്ങളുടെ രചിയതാവായ രാമസ്വാമി സമ്മതിദാനത്തിനുള്ള പ്രായം 25 ആക്കണമെന്ന് അഭിപ്രായപ്പെടുന്നു.
11) ടിം സ്കോട്ട് – 57 കാരനായ സെനറ്ററാണ്. വൈറ്റ് ഹൗസ് പരിസരത്ത് നിന്നാണ് പ്രചരണം ആരംഭിച്ചത്. അവിവാഹിതനാണ്. നോർത്ത് ചാൾസ്റ്റണിൽ അമ്മയാണ് വളർത്തിയത്. ഒരു സഹോദരനുണ്ട്. സെനറ്റിൽ ഒഴിവുവന്നപ്പോൾ ഗവർണറായിരുന്ന നിക്കി ഹേലിയാണ് സ്കോട്ടിനെ നിയമിച്ചത്.
12) ഫ്രാൻസിസ് സുവാരസ് – 45 വയസ്. ഫ്‌ളോറിഡ രാഷ്ട്രീയ നേതാവ് സേവ്യർ സുവാരസിന്റെ മകനാണ്. 2016 ലും 2020 ലും താൻ ട്രംപിനല്ല വോട്ടു ചെയ്തതെന്നും റൈറ്റ് ഇൻ കാൻഡിഡേറ്റായി ഫ്‌ളോറിഡ സെനറ്റർ മാർക്കോ റൂബിയോയുടെ പേര് എഴുതിച്ചേർത്തതായി അവകാശപ്പെടുന്നു. 2017 മുതൽ മയാമിയുടെ 43–ാമത്തെ മേയറാണ് സുവരാസ്. ഗ്ലോറിയയാണ് ഭാര്യ. ഇരുവർക്കും ഒരു മകനും ഒരു മകളുമുണ്ട്.
13) യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് –76 കാരൻ. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയാക്കുവാൻ സാധ്യതയുണ്ടെന്ന് പലരും കരുതുന്ന വിവാദനായകൻ. ആദ്യ വിവാഹം 1977 ൽ ചെക്ക് വനിത ഇവാനയുമായി. 13 വർഷം നീണ്ടു നിന്ന ബന്ധത്തിൽ മൂന്നു കുട്ടികൾ. ഇവാങ്ക, ഡോണൾഡ് ജൂനിയർ, എറിക്. മോഡലും നടിയുമായ മാർല മേപ്പിൾസിനെ 1993 ൽ ട്രംപ് വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകളാണ് ടിഫനി. നിലവിൽ ഭാര്യ മോഡലാ മെലാനിയയാണ് ഭാര്യ. ഈ ബന്ധത്തിലുള്ള മകനാണ് ബാരൺ വില്യം.