വാഷിങ്ടൺ: ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഗസ്സയിൽനിന്ന് അമേരിക്കൻ പൗരന്മാരും അമേരിക്കയിൽ താമസിക്കുന്നവരുമായ 300ലേറെ പേരെ തിരികെ എത്തിച്ചെന്ന് വൈറ്റ്ഹൗസ്. നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും നടത്തിയ ചർച്ചകളുടെ ഫലമായാണ് ഒഴിപ്പിക്കല്‍ സാധ്യമായതെന്നും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ ഫൈനർ പറഞ്ഞു.
ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നുണ്ടെങ്കിലും ഗസ്സയില്‍ ഇനിയും അമേരിക്കന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഓരോ അമേരിക്കക്കാരനും സുരക്ഷിതനായിരിക്കാന്‍ നടത്തുന്ന ഈ ഉദ്യമത്തിന് സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. അതിനാല്‍ വിഷയത്തിൽ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഫൈനർ പറഞ്ഞു. അതേസമയം, ഈജിപ്തിലേക്കുള്ള റഫ അതിർത്തിയിലൂടെ പരിക്കേറ്റ ഫലസ്തീനികളെയും ഇരട്ട പൗരത്വമുള്ളവരെയും കടത്തിവിടാൻ അനുവദിച്ചു. 7,000 വിദേശികളെ ഇതുവഴി ഒഴിപ്പിക്കാൻ സഹായിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.