ചിക്കാഗോ: അന്താരാഷ്ട്ര കത്തോലിക്കാ അൽമായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ അമേരിക്കയിലെ കൂട്ടായ മുന്നേറ്റത്തിന് ഒരു വയസ്സ്. മലയാളികൾക്കൊപ്പം മിഷൻ ലീഗ് വളരെ മുൻപ് തന്നെ അമേരിക്കയിൽ എത്തിയെങ്കിലും ഒരു വർഷം മുൻപ് ചിക്കാഗോ രൂപതയിയുടെ നേതൃത്വത്തിലാണ് സംഘടന അമേരിക്കയിലുടനീളം വ്യാപിക്കുന്നത്.
ചെറുപുഷ്പ മിഷൻ ലീഗി’ന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഒരു വർഷം മുൻപ് ന്യൂജേഴ്‌സി സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തിലായിരുന്നു രൂപതാതല ഉദ്ഘാടന പരിപാടികൾ നടന്നത്.ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടും ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും പരിപാടികളിൽ പങ്കെടുത്തിരുന്നു. സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ
സന്ദേശങ്ങൾ ഉയർത്തികൊണ്ട് ചെമഞ്ഞ പതാകയുമേന്തി ആയിരത്തോളം കുട്ടികൾ അണിനിരന്ന അന്നത്തെ റാലി തന്നെയായിരുന്നു മുഖ്യ ആകർഷണം. അമേരിക്കയിലെ സഭയുടെയും മിഷൻ മിഷൻ ലീഗി’ന്റെയും ചരിത്രത്തിലെ ഒരു നാഴികകല്ലായിരുന്നു അന്നത്തെ ഉദ്ഘാടന പരിപാടികൾ.
തുടർന്ന് കഴിഞ്ഞ ഒരു വർഷകാലം അഭൂതപൂർവമായ വളർച്ചയാണ് മിഷൻ ലീഗിന് അമേരിക്കയിൽ ഉണ്ടായത്. ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും തന്നെ സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വൈവിധ്യമാർന്ന വിവിധ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കുകയും ചെയ്‌തു.
ദൈവവിളി സെമിനാർ, വിവിധ ക്‌ളാസ്സുകൾ, നേതൃത്വ സംഗമങ്ങൾ, കുടുംബ പുൽക്കൂട് നിർമാണ മത്സരം, ഓൺലൈൻ ക്രിസ്മസ് ആഘോഷങ്ങൾ, നോമ്പുകാല ധ്യാനം, പോസ്റ്റർ നിർമാണ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ദേശീയ തലത്തിൽ സംഘടിപ്പിക്കുവാനും സാധിച്ചു. ഫാ. ജോർജ് ദാനവേലിൽ (ഡയറക്ടർ), സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ (ജോയിൻറ് ഡയറക്ടർ), ഫാ.ബിൻസ് ചേത്തലിൽ (അസിസ്റ്റൻറ് ഡയറക്ടർ), ഫാ. ടെൽസ് അലക്സ് (അസിസ്റ്റൻറ് ഡയറക്ടർ), സിജോയ് സിറിയക് പറപ്പള്ളിൽ (പ്രസിഡന്റ്), ജിമ്മിച്ചൻ മുളവന (വൈസ് പ്രസിഡന്റ്), ടിസൻ തോമസ് (ജനറൽ സെക്രട്ടറി), സോഫിയ മാത്യു (ജോയിൻറ് സെക്രട്ടറി), സിസ്റ്റർ സാന്ദ്രാ എസ്.വി.എം., സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ അംഗങ്ങളായ രൂപതാ എക്സിക്യൂട്ടീവ് ടീമാണ് മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ചെറുപുഷ്പ മിഷൻ ലീഗി’ന്റെ ഒന്നാമത് ചിക്കാഗോ രൂപതാ വാർഷികം നവംബര് 12ന് ആഘോഷിക്കുവാനുള്ള തയാറെടുപ്പിലാണ് രൂപതാ നേതൃത്വം. ബാൾട്ടിമോർ സെന്റ് അൽഫോൻസാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും. ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ, ജനറൽ സെക്രട്ടറി ടിസൺ തോമസ്, ഇടവക വികാരി ഫാ. വിൽസൺ ആന്റണി എന്നിവർ പ്രസംഗിക്കും.സഭയുടെ മിഷനറി പ്രവർത്തനങ്ങളെ സഹായിക്കുക, പ്രേഷിത ദൈവവിളികൾ പ്രോത്‌സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും നേതൃത്വത്തിൽ 1947 ഒക്ടോബർ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്.
മിഷണറിമാരുടെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുതേസ്യയാണ് മിഷൻ ലീഗിന്റെ മധ്യസ്ഥ. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയിൽ ഏതാണ്ട് 50,000ൽപ്പരം ദൈവവിളിൾ സഭയ്ക്ക് സംഭാവന ചെയ്തതിലൂടെയും ശ്രദ്ധേയമാണ് മിഷൻ ലീഗ്. ഭാരത സഭയിലെ അൻപതിലധികം മെത്രാന്മാർ മിഷൻ ലീഗിലൂടെ പ്രവർത്തിച്ചു വന്നവരാണ്. ഇന്ത്യയിലെ ഭരണങ്ങാനത്ത് ഏഴു പേരിൽ ആരംഭിച്ച മിഷൻ ലീഗ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനകളിൽ ഒന്നായി ഇന്ന് വളർന്നിരിക്കുന്നു.