നെവാര്‍ക്ക് (കാലിഫോര്‍ണിയ) : യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ കാലിഫോര്‍ണിയയിലെ നെവാര്‍ക്കില്‍ ഹിന്ദു ക്ഷേത്രത്തിനുനേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം. ക്ഷേത്രത്തിന്റെ പുറം ചുവരുകളില്‍ ഇന്ത്യാ വിരുദ്ധവും ഖാലിസ്ഥാന്‍ അനുകൂലവുമായ ചുവരെഴുത്തുകള്‍ നടത്തിയാണ് അതിക്രമം. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് നെവാര്‍ക്ക് പോലീസ് ഉറപ്പുനല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദേശത്ത് ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ഹിന്ദു ക്ഷേത്രം ആക്രമിക്കുന്നത് ഇതാദ്യമായല്ല. ഓസ്ട്രേലിയയിലും കാനഡയിലും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. കൂടാതെ ഇത്തരം ആക്രമണങ്ങളെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റ് വിവിധ നയതന്ത്ര വേദികളില്‍ വിവിധ അവസരങ്ങളില്‍ ഉന്നയിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഓഗസ്റ്റില്‍, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിന്റെ പ്രധാന വാതിലില്‍ ഖാലിസ്ഥാന്‍ ഹിതപരിശോധനയുടെ പോസ്റ്ററുകള്‍ ഒട്ടിച്ച ശേഷമാണ് ഇവര്‍ പോയത്. സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്
ഈ വര്‍ഷം ജനുവരിയില്‍, മെല്‍ബണിലെ വടക്കന്‍ പ്രാന്തപ്രദേശമായ മില്‍ പാര്‍ക്കിലുള്ള ബിഎപിഎസ് സ്വാമിനാരായണ മന്ദിറിന്റെ ചുവരുകള്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ വികൃതമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ ചുവരുകളില്‍ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങള്‍ ഉള്‍പ്പെട്ട ചുവരെഴുത്തുകള്‍ നടത്തി.
ഓസ്ട്രേലിയയില്‍ നടന്ന സമാന ഒരു സംഭവത്തില്‍, ‘ഹിന്ദുസ്ഥാന്‍ മുര്‍ദാബാദ്’, ‘ഖലിസ്ഥാന്‍ സിന്ദാബാദ്’ തുടങ്ങിയ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ച് ഒരു ഹിന്ദു ക്ഷേത്രം വികൃതമാക്കി. മെല്‍ബണിലെ ആല്‍ബര്‍ട്ട് പാര്‍ക്കിലെ ഇസ്‌കോണ്‍ ക്ഷേത്രം വിദ്വേഷ മുദ്രാവാക്യങ്ങളാല്‍ വികൃതമാക്കിയതായി അതുസംബന്ധിച്ച ഒരു ട്വീറ്റില്‍ പറയുന്നു.