സണ്ണിവെയ്ല്‍(ടെക്‌സസ്): സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സജി ജോർജ് മേയറായും സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് തിരഞ്ഞെടുക്കപ്പെ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി കൗണ്‍സില്‍ അംഗമായും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .മെയ് 22 തിങ്കളാഴ്ച വൈകീട്ട് സിറ്റി ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ടൗൺ സെക്രട്ടറി റേച്ചൽ റാംസെയാണ് സത്യപ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തത്
15 വര്‍ഷം സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സിലര്‍, പ്രൊ ടെം മേയര്‍ എന്നീ നിലകളില്‍ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച സജി തുടർച്ചയായി ഏഴം വർഷമാണ് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്.. മെയ് മാസം ആദ്യവാരമാണ് തിരെഞ്ഞെടുപ്പ് നടന്നത്.ഭാര്യ ഡോ ജയാ ജോർജ്, മക്കൾ ആൻ ജോർജ്,ആൻഡ്രൂ ജോർജ് .
അമേരിക്കയുടെ ചരിത്രത്തില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ മലയാളിയാണ് സജി ജോര്‍ജ്. ഇതിനു മുന്‍പു ന്യൂജഴ്‌സി ടീനെക്ക്, ന്യു ജേഴ്‌സി മേയറായി ജോണ്‍ അബ്രഹാം വിജയിച്ചിരുന്നു. 2015-ല്‍ കൊല്ലം സ്വദേശിനി അറ്റോര്‍ണി വിനി എലിസബത്ത് സാമുവല്‍ വഷിംഗ്ടണ്‍ സ്റ്റേറ്റിലെ മൊണ്ട്‌സാനോ നഗരത്തില്‍ മേയറായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനി വമ്പിച്ച വിജയം കൈവരിച്ചിരുന്നു . മനുവിനെതിരെ മത്സരിച്ച ശക്തയായ എതിരാളി സാറ ബ്രാഡ്‌ഫോര്‍ഡിനെയാണ് പ്രഥമ മത്സരത്തിൽ മനു ഡാനി പരാജയപ്പെടുത്തിയത്.
സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുള്ളവര്‍ക്ക് സുപരിചിതയാണ്. മനുവിന്റെ വിജയം ഉറപ്പിക്കുന്നതിനു മലയാളികളും മറ്റ് ഇന്ത്യന്‍ സുഹൃത്തുക്കളും, സമീപവാസികളും സജീവമായി രംഗത്തിറങ്ങിയിയിരുന്നു.
സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ കാത്തലക്ക് ചര്‍ച്ച് അംഗമാണ്.അറ്റോര്‍ണിയായ ഡാനി തങ്കച്ചനും ദയ, ലയ, ലിയൊ എന്നീ മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.
സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യൻ പ്രത്യേകിച്ച് മലയാളി സമൂഹത്തിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.ഇന്ത്യ പ്രസ്സ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജ് ,ബെന്നി ജോൺ എന്നിവർ ബൊക്കെ നൽകി ഇരുവരെയും ആദരിച്ചു.
റിപ്പോർട്ട്: പി പി ചെറിയാൻ