ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തിൽ പങ്കെടുക്കാനാണ് പിണറായി എത്തുന്നത്. സ്പീക്കർ എഎൻ ഷംസീർ, ധനമന്ത്രി കെഎൻ ബാലാഗോപാൽ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വിപി ജോയ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം, ആരോഗ്യമന്ത്രി വീണാ ജോർജ്, ആരോഗ്യ സെക്രട്ടറി, വിവിധ ഐഎഎസ് ഉദ്യോഗസ്ഥരും യാത്രയിൽ പിണറായിയെ അനുഗമിക്കും. ജൂൺ 9,10,11 തീയതികളിലാണ് സന്ദർശനം.
മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ന്യൂയോർക്കിൽ 2.5 ലക്ഷം അമേരിക്കക്കാർ ശ്രോതാക്കളായെത്തുമെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതിയായ മേയ് 14 വരെ രജിസ്റ്റർ ചെയ്തത് 43 പേർ മാത്രമാണ്. രജിസ്‌ട്രേഷൻ കാര്യമായി നടന്നിട്ടില്ലെന്ന് പുറത്തറിഞ്ഞതിന് പിന്നാലെ ആയിരം പേരോളം പങ്കെടുക്കുമെന്നാണ് അമേരിക്കയിലെ സംഘാടകരുടെ അവകാശവാദം. സംഘാടകരുടെ വിചിത്രവാദത്തിന് പിന്നാലെ കണ്ണുതള്ളിയിരിക്കുകയാണ് പ്രവാസ ലോകം.
ടൈംസ് സ്‌ക്വയറിൽ 11-ന് വൈകുന്നേരം ആറിന് നടക്കുന്ന പൊതുസമ്മേളനത്തിൽ രണ്ടര ലക്ഷം അമേരിക്കക്കാർ ശ്രോതാക്കളായി ഉണ്ടാകുമെന്ന് സംഘാടകർ ഇറക്കിയ ബ്രോഷറിൽ പറയുന്നത്. 1000 പ്രതിനിധികൾക്ക് പുറമേയാണിത്. ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനത്തിന് പ്രതിനിധികളാകാൻ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പിൽ 250-ഓളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇതിന് പുറമേയാണ് പിണറായിയുടെ പ്രസംഗം കേൾക്കാൻ കാൽ ലക്ഷം പേരെത്തുമെന്ന് പറയുന്നത്.
ടൈംസ് സ്‌ക്വയറിൽ പരിപാടി നടത്താൻ അനുമതി ലഭിക്കണമെങ്കിൽ 2000 ഡോളർ തുക നൽകണം. ഒരു മേശയും നാല് കസേരയുമാണ് ലഭിക്കുക. ഇപ്രകാരം നാല് മണിക്കൂർ നേരത്തേയ്‌ക്കാണ് മുഖ്യമന്ത്രിയുടെ പരിപാടി ബുക്ക് ചെയ്തിരിക്കുന്നത്. സംഘാടകരല്ലാതെ അവിടെ നടക്കുന്ന പരിപാടികൾ സാധാരണ ആരും ശ്രദ്ധിക്കാറേയില്ലെന്നിരിക്കെയാണ് ടൈംസ് സ്‌ക്വയറിൽ അഞ്ച് ലക്ഷത്തോളം പേർ എത്തുമെന്നും അതിൽ പകുതി പേർ പിണറായിയുടെ പ്രസംഗം കേൾക്കുമെന്നുമുള്ള സംഘാടകരുടെ അവകാശവാദം. തള്ളിന് പിന്നാലെ പിണറായിയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ പൊങ്കാലയാണ്. അതിനിവിടെ കുടുംബശ്രീ ഇല്ലല്ലോ തുടങ്ങി രസകരമായ ട്രോളുകളാണ് പ്രചരിക്കുന്നത്.