ന്യൂയോർക്ക്: കാനഡയിൽ വൻ നശം വിതച്ച് കാട്ടു തീ വ്യാപിക്കുന്നു. പത്തു വർഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ തീപിടിത്തമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. കാട്ടുതീ കാരണം നഗരം തീയിൽ മൂടിയിരിക്കുകയാണ്. പകലാണെങ്കിൽപോലും നഗരം ഇരുട്ട് മൂടിയ അവസ്ഥയിലാണ്. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് ഭരണകൂടം സൗജന്യമായി മാസ്കുകളും വിതരണം ചെയ്യുന്നുണ്ട്.
ചെറുതും വലുതുമായി 450 സ്ഥലങ്ങളിലാണ് തീ പടർന്നു പിടിച്ചിരിക്കുന്നത്. ചരിത്രത്തിലെ എറ്റവും വിനാശകാരിയായ കാട്ടുതീയാണ് കാനഡയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തീ അണയ്‌ക്കാനുള്ള എല്ലാ സഹായവും അമേരിക്ക കാനഡയ്‌ക്ക് വാഗ്‌ദാനം ചെയ്തിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളിൽ തീ അണയ്‌ക്കാനാവും എന്നാണ് കനേഡിയൻ അധികൃതർ അറിയിച്ചത്. കാനഡയിലെ ക്യൂബക് മേഖലയിലാണ് കാട്ടുതീ കൂടുതലായി പടർന്നു പിടിച്ചിരിക്കുന്നത്. ക്യുബക് സിറ്റിയില്‍ മാത്രം 20,000 ഹെക്ടര്‍ പ്രദേശമാണ് കത്തി നശിച്ചത്. കട്ടിയുള്ള പുക നഗരത്തിൽ മൂടിയിരിക്കുകയാണ്. ഇത് ഗതാഗതത്തെയും ബാധിച്ചു. പുക വ്യോമഗതാഗത്തെയും ബാധിച്ചിട്ടുണ്ട്. ചില വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി. ക്യൂബകിലെ തീ അണയുവാൻ ഈ ചൂടുകാലം മുഴുവൻ വേണ്ടിവരുമെന്നാണ് അധികൃതരുടെ നിഗമനം. ഇടിമിന്നലിൽ നിന്നാണ് കാട്ടുതീ പടർന്നതെന്നാണ് വിവരം.
ന്യൂയോർക്കിലെ ഈ സ്ഥിതി ശനിയാഴ്ച നടക്കുന്ന ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായി ഇന്ന് പുലർച്ചെ മുഖ്യമന്ത്രിയും സംഘവും ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചിട്ടുണ്ട്. ധനമന്ത്രി കെ എൻ ബാലഗോപാൽ, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും സ്പീക്കറുടെ ഭാര്യയും മകനും സംഘത്തെ അനുഗമിക്കുന്നുണ്ട്. അമേരിക്കൻ സന്ദർശനത്തിന് ശേഷം ക്യൂബയിലേക്ക് പോകുന്ന സംഘത്തിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വീണ ജോർജുമുണ്ടാകും.