വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ സ്റ്റഫോർഡ് നഗരത്തിലെ മേയറായി മലയാളിയായ കെൻ മാത്യുവിനെ തിരഞ്ഞെടുത്തു. സ്റ്റഫോർഡിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ – അമേരിക്കൻ വംശജനാണ് മലയാളിയായ കെൻ മാത്യു. നിലവിലെ സ്റ്റഫോർഡിലെ മേയറായ സീസിൽ വില്ലിസിനെ 16 വോട്ടുകൾക്കാണ് മാത്യു പരാജയപ്പെടുത്തിയത്. സ്റ്റഫോർഡ് സിറ്റി മുൻ കൗൺസിൽ അംഗമായിരുന്നു മാത്യു.
കുടുംബാംഗങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മാത്യു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. സ്റ്റഫോർഡിലെ പ്ലാനിങ് ആൻഡ് സോണിങ് കമ്മിഷനിൽ സേവനമനിഷ്ഠിച്ചിട്ടുള്ള മാത്യു 2006-ൽ സ്റ്റഫോർഡ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെ സർവകലാശാലയിൽനിന്നു ബിരുദം നേടിയ ഇദ്ദേഹം 1970കളിലാണ് അമേരിക്കയിലേക്ക് ചേക്കേറുന്നത്. എംബിഎ ബിരുദധാരിയായ മാത്യു നിരവധി കമ്പനികളുടെ അക്കൗണ്ടന്റായും ഫിനാൻഷ്യൽ എക്സിക്യൂട്ടിവായും പ്രവർത്തിച്ചിട്ടുണ്ട്.