ഡാലസ്: ഏഴാമത് സിറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (IPTF 2023) ഈ മാസം 14 മുതൽ 16 വരെ സെന്റ് തോമസ് സിറോ മലബാർ ഫൊറോനാ പള്ളിയിൽ നടക്കും. ഷിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
ടെക്സസ്, ഓക്ലഹോമ റീജയനിലെ ഒൻപത് സിറോ മലബാർ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ ഫെസ്റ്റിൽ മാറ്റുരയ്ക്കും.2010ൽ ഡാലസിൽ തുടങ്ങിയ ഈ കലോത്സവത്തിനു ഇതു മൂന്നാം തവണയാണ് ഡാലസ് വേദിയാകുന്നത്. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്കിറ്റ് എന്നിങ്ങനെ ഇരുപത് മത്സര ഇനങ്ങളിലായി അറുനൂറോളം കലാപ്രതിഭകൾ ഇത്തവണ ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്.
ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, സംഘാടകരായ ചാർളി അങ്ങാടിശ്ശേരിൽ, ജാനറ്റ് ജോസി , ജീവൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ടാലന്റ് ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. മത്സരാർത്ഥികളും കുടുംബാഗങ്ങളുമായി രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന ഈ കലാമേളയ്ക്കായി ഡാലസ് സെന്റ് തോമസ് ഫൊറോനാ പള്ളി സുസജ്ജമായതായി കൈക്കാരന്മാരായ ചാർളി അങ്ങാടിശ്ശേരിൽ, ടോമി ജോസഫ് , ജിമ്മി മാത്യു, ജീവൻ ജെയിംസ് എന്നിവർ അറിയിച്ചു.