അരിസോന: കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊല്ലാൻ ശ്രമിച്ചതിന് അരിസോന സ്വദേശിനിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മെലഡി ജോൺസനാണ് സംഭവത്തിൽ പൊലീസ് പിടിയിലായിരിക്കുന്നത്. ഭർത്താവിന് കഴിഞ്ഞ് കുറച്ച് നാളുകളായി ദിവസവും നൽകിയിരുന്ന കാപ്പിയിൽ അണുനാശിനി (ബ്ലീച്ച്) ചേർത്താണ് മെലഡി നൽകിയിരുന്നത്.
യു.എസ്. വ്യോമസേനയിലെ ഉദ്യോഗസ്ഥനായ ഭർത്താവ് റോബി ജോൺസന് ഭാര്യ നൽകുന്ന കാപ്പിയിൽ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്നാണ് സംശയം തോന്നിയത്. മാര്‍ച്ച് മാസത്തില്‍ ദമ്പതിമാര്‍ ജര്‍മനിയില്‍ താമസിക്കുന്നതിനിടെ ഭാര്യ കുടിക്കാന്‍ നല്‍കിയ കാപ്പിയിൽ രുചി വ്യത്യാസം തോന്നിയതോടെ ‘പൂള്‍ ടെസ്റ്റിങ് സ്ട്രിപ്പ്‌സ്’ ഉപയോഗിച്ച് ജോണ്‍സണ്‍ പരിശോധന നടത്തി.
കാപ്പിയിൽ വൻ തോതിലുള്ള ക്ലോറിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഭാര്യയുടെ നീക്കം നിരീക്ഷിക്കുന്നതിനായി റോബി കാമറ സ്ഥാപിച്ചു. ഇതിനു പുറമെ ഭാര്യ തരുന്ന കാപ്പി കുടിക്കുന്നതായി അഭിനയിച്ചു. കാപ്പി തയ്യാറാക്കുന്നതിന് മുന്‍പ് ഭാര്യ അണുനാശിനി എടുക്കുന്നതും കാപ്പിയിൽ ചേർക്കുന്നതും കാമറയിൽ പതിഞ്ഞു. തെളിവ് ശേഖരിച്ച് റോബി വിവരങ്ങൾ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഭാര്യ പിടിയിലായത്. മരണത്തിന് ശേഷം ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഭാര്യ കൊലപാതക ശ്രമം നടത്തിയതെന്നാണ് ഭർത്താവ് ആരോപിക്കുന്നത്.