ഷിംഗ്ടണ്‍: സെപ്തംബര്‍ 9-10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഇന്ത്യയിലേക്ക് പോകുമെന്നും വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
‘ജി 20 നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയിലേക്ക് പോകും. വെള്ളിയാഴ്ച ബൈഡന്‍ പ്രധാനമന്ത്രി മോഡിയുമായുള്ള ഉഭയകക്ഷി യോഗത്തില്‍ പങ്കെടുക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ജി 20 യുടെ ഔദ്യോഗിക സെഷനുകളില്‍ അദ്ദേഹം പങ്കെടുക്കും.’- യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) ജേക്ക് സള്ളിവന്‍ വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യാ സന്ദര്‍ശന വേളയില്‍, സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസിഡന്റ് ബൈഡന്‍ പാലിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി കൂട്ടിച്ചേര്‍ത്തു.
പ്രഥമവനിത ജില്‍ ബൈഡന്‍ (72) തിങ്കളാഴ്ച കോവിഡ് -19 പോസിറ്റീവായതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ഭാര്യയുടെ പോസിറ്റീവ് പരിശോധനയെത്തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 80 കാരനായ ബൈഡനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ബൈഡന്റെ യാത്രാ പദ്ധതികളില്‍ മാറ്റമൊന്നുമില്ലെന്നും ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് പ്രസിഡന്റിനെ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുമെന്നും ജീന്‍ പിയറി ആവര്‍ത്തിച്ചു.
2022 ഡിസംബര്‍ ഒന്നിന് ഇന്തോനേഷ്യയില്‍ നിന്നാണ് ജി 20 പ്രസിഡന്‍സി ഇന്ത്യ ഏറ്റെടുത്തത്. ജി20 ലോക നേതാക്കളുടെ ഉച്ചകോടി സെപ്തംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയിലാണ് നടക്കുന്നത്. ഇന്ത്യയിലെ ലോക നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരിക്കും ഇത്. ഉച്ചകോടി കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്തെ ഡല്‍ഹി സര്‍ക്കാരിന്റെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും എല്ലാ സ്‌കൂളുകളും ഓഫീസുകളും സെപ്റ്റംബര്‍ 8, 9, 10 തീയതികളില്‍ അടച്ചിരിക്കും.
അതേസമയം, ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന യുഎസ്-ആസിയാന്‍ ഉച്ചകോടിയിലും കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസാണ് പങ്കെടുക്കുക. യോഗത്തില്‍ സമൃദ്ധി, സുരക്ഷ, കാലാവസ്ഥാ പ്രതിസന്ധി, സമുദ്രസുരക്ഷ, സുസ്ഥിര സാമ്പത്തിക വളര്‍ച്ച, മേഖലയില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പാക്കല്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രീകരിക്കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.