ഹ്യൂസ്റ്റണ്‍: തിരുവോണത്തിന് തിരുമുല്‍ക്കാഴ്ചയാകുന്ന തിരുവാറന്മുള ഓണസദ്യയും വഞ്ചിപ്പാട്ടും ഹ്യൂസ്റ്റണ്‍ മീനാക്ഷി ക്ഷേത്രാങ്കണത്തില്‍ അണിയിച്ചൊരുക്കിയ കെ എച്ച് എന്‍ എ ഓണാഘോഷം ശ്രദ്ധേയമായി.
നവംബര്‍ 23 മുതല്‍ 25 വരെ ഹ്യൂസ്റ്റനില്‍ നടക്കുന്ന ഹൈന്ദവ മഹാസംഗമത്തിന്റെ ശംഖൊലി ഉയര്‍ത്തിയ ഓണാഘോഷ പരിപാടികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഡെപ്യൂട്ടി സ്ഥാനപതി സന്ദീപ് ചൗധരി ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു.
സ്ഥാനപതിയോടൊപ്പം ഭദ്രദീപം തെളിയിക്കാന്‍ പ്രസിഡന്റ് ജി കെ പിള്ള, ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ദയ ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ അമരക്കാരി വിജി രാമന്‍, ടെക്‌സാസ് സര്‍വ്വകലാശാല തമിഴ് വകുപ്പ് മേധാവി പ്രൊഫ. ഡോ. വിജയലക്ഷ്മി മൈഥിലി, മുഖ്യ സംഘാടക പൊന്നു പിള്ള എന്നിവരും സന്നിഹിതരായിരുന്നു.
ഗിരിജ ബാബുവും അനിത മധുവും അണിയിച്ചൊരുക്കിയ താലപ്പൊലിയുടെയും കലാക്ഷേത്ര സംഘത്തിന്റെ വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയാണ് മഹാബലിയെയും മുഖ്യാതിഥികളെയും വേദിയിലേക്ക് ആനയിച്ചത്.
ഉദ്ഘാടന ദീപം തെളിഞ്ഞതോടെ സംഘടനക്കുവേണ്ടി ലക്ഷ്മി ഗോപിനാഥ് അതിഥികളെയും ഹൈന്ദവ കുടുംബാംഗങ്ങളെയും തന്റെ ഹൃദ്യമായ സ്വാഗത പ്രസംഗത്തിലൂടെ സദസ്സിന് പരിചയപ്പെടുത്തി. ആറന്മുളയുടെ ആവേശമായ വള്ളപ്പാട്ട് അതെ ശീലോടെയും താളപ്പൊലിമയോടെയും അവതരിപ്പിക്കാന്‍ ആറന്മുളക്കാരന്‍ തന്നെയായ അനില്‍ നേതൃത്വം നല്‍കി. ജി കെ പിള്ള, ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സോമരാജന്‍ നായര്‍, മുന്‍പ്രസിഡന്റും ട്രസ്റ്റി അംഗവുമായ സുരേന്ദ്രന്‍ നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. ബിജു പിള്ള എന്നിവര്‍ ചേര്‍ന്ന് വള്ളപ്പാട്ട് സംഘത്തെ ആചാരപൂര്‍വ്വം വേദിയിലേക്ക് ആനയിച്ചു. വള്ളസദ്യക്കു സമാനമായി 45ല്‍ പരം വിഭവങ്ങള്‍ ഒരുക്കിയ സദ്യ ആസ്വദിക്കാന്‍ എത്തിയ മുഴുവന്‍ ആളുകളിലും ആവേശമുയര്‍ത്തിയ വഞ്ചിപ്പാട്ട് വേറിട്ട അനുഭവമായിരുന്നു.
ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളോടെ ഇത്രയും സമൃദ്ധമായ സദ്യയൊരുക്കി യഥാര്‍ഥ വാഴയിലയില്‍ അഞ്ഞൂറില്‍പരം അതിഥികള്‍ക്ക് കൃത്യതയോടെ വിളമ്പി നല്കാന്‍ നേതൃത്വം നല്‍കിയത് ഉഷ അനില്‍, ബിജു പിള്ള, വസന്ത അശോകന്‍, ഗോപന്‍ ഭാസ്‌കരന്‍, ധനിഷ ശ്യാം, മുരളി നമ്പൂതിരി, മുരളി കേശവന്‍ തുടങ്ങിയവരായിരുന്നു.
ഓണസദ്യയോടൊപ്പം മധു ചിറക്കലും രാമചന്ദ്രനും ചേര്‍ന്ന് ആലപിച്ച സ്വാഗത ഗാനത്തോടെ കലാവേദിയും സമാന്തരമായി സജീവമായി. ദേവികയും സംഘവും അവതരിപ്പിച്ച തിരുവാതിര, ഡോ. സുധ ഹരിഹരന്റെയും ജയകുമാറിന്റെയും ഗാനങ്ങള്‍, ആതിരയും ശിവ തേജസ്സും ഒരുക്കിയ കളരിപ്പയറ്റ്, ജയലക്ഷ്മിയും സംഘവും ഒരുക്കിയ സംഘ നൃത്തം തുടങ്ങിയ അത്യന്തം ആസ്വാദ്യ ജനകമായിരുന്നു.
പരിപാടികളുടെ തത്സമയ വിവരണവും അറിയിപ്പുകളുമായി അവതാരകനായെത്തിയ അനില്‍ ജനാര്‍ദ്ദനന്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
യുവാക്കളുടെയും സംരംഭകരുടെയും സംഘ ശക്തിയും പരസ്പര സഹകരണവും സംയോജിക്കുന്ന കെ എച്ച് എന്‍ എയുടെ വിവിധ പദ്ധതികളെയും കണ്‍വന്‍ഷനില്‍ നടക്കുന്ന യുവ സംഗമത്തെയും കുറിച്ച് ഡോ. ശബരി സുരേന്ദ്രന്‍ സംസാരിച്ചു.
ആസന്നമായിരിക്കുന്ന ഹൈന്ദവ കണ്‍വെന്‍ഷന്റെ പ്രിവ്യൂ പ്രദര്‍ശനവും റജിസ്‌ട്രേഷന്‍ ബൂത്തിന്റെ പ്രവര്‍ത്തനങ്ങളും ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ പൊന്നു പിള്ള, ജനറല്‍ കണ്‍വീനര്‍ അശോകന്‍ കേശവന്‍ എന്നിവര്‍ ഏകോപിപ്പിച്ചു. ഹൈന്ദവ കുടുംബങ്ങള്‍ക്ക് എന്നെന്നും ഓര്‍ത്തുവെക്കാവുന്ന കണ്‍വെന്‍ഷന്റെ പ്രതീക്ഷ ഉയര്‍ത്തിയ പരിപാടികള്‍ കോഓര്‍ഡിനേറ്റര്‍ ജയകുമാറിന്റെ നന്ദി പ്രകടനത്തോടെ സമാപിച്ചു.