ഹനോയ്: ജനാധിപത്യത്തില്‍ വിലപ്പെട്ടതാണ് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും മനുഷ്യാവകാശ സംരക്ഷണവുമെന്ന് താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞതായി യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. ജി20 ഉച്ചകോടിക്കു ശേഷം ഇന്ത്യയില്‍ നിന്നും വിയറ്റ്‌നാമിലേക്ക് പോയതിന് ശേഷമാണ് ബൈഡന്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ബൈഡനും മോഡിയുമുള്ള കൂടിക്കാഴ്ചയില്‍ ഇത്തരം കാര്യങ്ങള്‍ സംസാരിച്ചതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല. മാധ്യമ വിലക്കിനെതിരെല ഇന്ത്യയിലെത്തിയ യു എസ് പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മാത്രമല്ല പലവഴിക്കു ശ്രമിച്ചിട്ടും അനുവാദം ലഭ്യമായില്ലെന്നാണ് യു എസ് അധികൃതര്‍ വ്യക്തമാക്കിയത്.
മോഡിയുടെ ഇത്തരം നിലപാടുകളോട് എന്താണ് അഭിപ്രായമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനോട് ചോദ്യം ഉന്നയിച്ചിരുന്നു. ജനാധിപത്യത്തെ കുറിച്ച് നിരന്തരം പറയുന്ന അമേരിക്ക മോഡിയുടെ ഇത്തരം നയങ്ങളോട് നിലപാടുകളെടുക്കാത്തതെന്തെന്ന ചോദ്യവും ഉയര്‍ന്നു.
മറ്റു നേതാക്കളുടെ കാര്യങ്ങളില്‍ നിലപാടുകള്‍ പറയാനാവില്ലെന്നും യു എസ് നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മാത്രമേ സാധിക്കുകയുള്ളുവെന്നാണ് സള്ളിവന്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്. മനുഷ്യാവകാശ സംരക്ഷണം, പത്രസ്വാതന്ത്ര്യം തുടങ്ങിയവയുടെ പ്രാധാന്യത്തെ കുറിച്ച് മോഡിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നതായും ബൈഡന്‍ പറഞ്ഞു.
മോഡിയുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചെന്ന യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ വാര്‍ത്തകര്‍ പുറത്തുവന്നതോടെ ബി ജെ പിക്കതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.