വാഷിങ്ടൺ: ഇറാൻ മോചിതരാക്കിയ അഞ്ച് അമേരിക്കക്കാർ നാട്ടിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇവരെയും വഹിച്ചുള്ള വിമാനം വിർജീനിയയിലെ ഫോർട്ട് ബെൽവോയിറിൽ ഇറങ്ങിയത്. കഴിഞ്ഞ ദിവസം അഞ്ചുപേരും ഇറാനിൽനിന്ന് ദോഹയിലെത്തിയിരുന്നു. തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കരാറിെന്റ ഭാഗമായി ദക്ഷിണ കൊറിയയിൽ തടഞ്ഞുവെച്ച ഇറാെന്റ 600 കോടി ഡോളർ ദോഹയിലെ ബാങ്കുകളിലേക്ക് അയച്ചിരുന്നു.
മോചിതരായവർ ഇറാനിയൻ-യു.എസ് പൗരന്മാരാണ്. ഇവരെ വിട്ടയച്ചതിനു പകരമായി അമേരിക്കൻ ജയിലിൽ കഴിഞ്ഞ അഞ്ച് ഇറാൻകാരെയും വിട്ടയച്ചിരുന്നു. എന്നാൽ, ഇവരിൽ മൂന്നുപേർ ഇറാനിലേക്ക് പോകാൻ വിസമ്മതിച്ചു.
വിമാനത്തിൽനിന്ന് പുറത്തേക്ക് വന്ന അഞ്ചു പേരെയും കുടുംബാംഗങ്ങൾ ആലിംഗനം ചെയ്ത് സ്വീകരിച്ചത് വികാരനിർഭര രംഗങ്ങളാണ് സൃഷ്ടിച്ചത്. വിമാനത്തിൽ രണ്ട് കുടുംബാംഗങ്ങൾ, അമേരിക്കൻ പ്രസിഡന്റിെന്റ ദൂതൻ റോഗർ കാർസ്റ്റെൻസ്, ഇറാനിലേക്കുള്ള പ്രത്യേക ഉപപ്രതിനിധി അബ്രാം പാലേ എന്നിവരുമുണ്ടായിരുന്നു.