വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരുടെ മക്കൾക്ക് ജന്മാവകാശ പൗരത്വം നൽകുന്നത് അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ രംഗത്തുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. തന്റെ രണ്ടാമത്തെ റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വ സംവാദത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കാലിഫോർണിയയിലെ സിമി വാലിയിലുള്ള റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയത്തിലാണ് സംവാദം നടന്നത്. േഫ്ലാറിഡ ഗവർണർ റോൺ ഡിസാൻറിസ്, മുൻ യു.എൻ അംബാസഡർ നിക്കി ഹാലി എന്നിവർ ഉൾപ്പെടെ ഏഴു പേരാണ് സംവാദത്തിൽ പങ്കെടുത്തത്.
2015ൽ അന്നത്തെ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശമാണ് ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക എന്നത്. ഇതേ അഭിപ്രായമാണ് ഇപ്പോൾ വിവേക് രാമസ്വാമിയും പ്രകടിപ്പിച്ചിരിക്കുന്നത്. നേരത്തേ, എച്ച്-1ബി വിസ പദ്ധതിയെയും അദ്ദേഹം വിമർശിച്ചിരുന്നു. നിലവിലെ ‘ലോട്ടറി’ സംവിധാനത്തിന് പകരം മെറിറ്റ് അടിസ്ഥാനത്തിലുള്ള കുടിയേറ്റ പദ്ധതിയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.