വാഷിങ്ടൺ: ഖാലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഗുരുതരമാണെന്നും പൂർണമായി അന്വേഷിക്കണമെന്നും അമേരിക്ക. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ അമേരിക്കൻ സന്ദർശനവേളയിൽ വിഷയം ചർച്ചയായെന്നും അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതായും വൈറ്റ്ഹൗസ് വക്താവ് ജോൺ കിർബി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേയ്ക് സുള്ളിവനുമായും വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. കൊലപാതകത്തിൽ കാനഡയുടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് യു.എസ് വിദേശകാര്യ വക്താവ് വേദാന്ത് പട്ടേലും അറിയിച്ചു. ഇന്ത്യയുമായും കാനഡയുമായും ചർച്ചകൾ നടത്തിവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.