Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി ഫലസ്തീന്‍ അനുകൂലികള്‍

വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി ഫലസ്തീന്‍ അനുകൂലികള്‍

വാഷിംഗ്ടണ്‍: ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ വൈറ്റ്ഹൗസിലേക്ക് ഫലസ്തീന്‍ അനുകൂലികളുടെ മാര്‍ച്ച്. ഫലസ്തീനെ സ്വതന്ത്രമാക്കണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ആയിരക്കണക്കിന് ഫലസ്തീന്‍ അനുകൂലികള്‍ മാര്‍ച്ച് നടത്തിയത്.

യു എസ് പിന്തുണക്കുന്ന ഒരു സൈന്യം ആളുകളെ കൊല്ലുന്നത് നോക്കി നില്‍ക്കേണ്ടിവരികയാണെന്ന് പ്രകടനത്തില്‍ പങ്കെടുത്ത ലിന്‍ഡ ഹൗട്ടണ്‍ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു.

യുദ്ധം നിര്‍ത്താന്‍ നമുക്കെല്ലാവര്‍ക്കും കൂടി എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന് ഫലസ്തീന്‍ പതാകകളേന്തി വാഷിംഗ്ടണ്‍ നഗരത്തിലൂടെ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത അഹമ്മദ് ആബിദ് പറഞ്ഞു. ഗസക്കാര്‍ ഇപ്പോള്‍ തുറന്ന ജയിലിലാണെന്ന് അദ്ദേഹം പറഞ്ഞു.

‘അധിനിവേശം അവസാനിപ്പിക്കുക’, ‘ഇപ്പോള്‍ വെടിനിര്‍ത്തുക’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ വഹിച്ചായിരുന്നു മാര്‍ച്ച്.

ഇസ്രായേലിന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയുള്ള ന്യൂയോര്‍ക്കിലും ഇസ്രായേല്‍ ആക്രമണത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടി. ജൂതന്മാര്‍ ഫലസ്തീനികള്‍ക്കെതിരായ വംശഹത്യ നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു ന്യൂയോര്‍ക്ക് പ്രകടനം.

ന്യൂയോര്‍ക്കിലെ ജൂത ജനതയ്ക്കിടയില്‍ ഗസ ആക്രമണത്തെ കുറിച്ച് ഭിന്നാഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ഇസ്രായേലിന് പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന അഭിപ്രായക്കാരെ പോലെ ഫലസ്തീന്‍ വംശഹത്യയാണ് നടക്കുന്നതെന്ന അഭിപ്രായക്കാരുമുണ്ട്. 

ആയിരത്തിലധികം ഫലസ്തീന്‍ അനുകൂലികള്‍ ലോസ് ഏഞ്ചല്‍സില്‍ മാര്‍ച്ച് നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ അനുകൂലികളും ഇസ്രായേില്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷം നടക്കുന്ന വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലുണ്ട്.

ഇസ്രായേലില്‍ 1300ലേറെ പേര്‍ കൊല്ലപ്പെട്ട ഹമാസ് മിന്നല്‍ ആക്രമണത്തിനു പിന്നാലെ അമേരിക്കയില്‍ ഇസ്രായേല്‍, ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ തുടരുകയാണ്.

ഗസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഇതുവരെ രണ്ടായിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഗസയില്‍ ഇസ്രായേല്‍ കരയുദ്ധം ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഗസയുടെ വടക്കന്‍ ഭാഗത്തുള്ള പത്തു ലക്ഷത്തിലധികം പേരോടാണ് പലായനത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇത് ഗസയിലെ മാനുഷിക ദുരന്തത്തെ കൂടുതല്‍ വഷളാക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗസയിലെ 2.4 ദശലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇസ്രായില്‍ വിച്ഛേദിച്ചിരിക്കയാണ്.

അധിനിവേശ വെസ്റ്റ് ബാങ്കിലുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 53 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com