ഇസ്രായേൽ ഹമാസ് സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ ഹോളിവുഡ് താരങ്ങൾ യു.എസ് പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. ഹോളിവുഡ് താരങ്ങളായ കേറ്റ് ബ്ലാൻചെറ്റ്, ജൊവാക്വിൻ ഫീനിക്സ്, ഫ്ലോറൻസ് പുഗ്, റാമി യൂസുഫ്, അമേരിക്ക ഫെറേര, ബസ്സേം യൂസഫ്, ജോൺ സ്‌റ്റെവാർട്ട്, ദുഅ ലിപ, ഹസൻ മിൻഹാജ്, ഓസ്‌കാർ ഐസക്, മൈക്കൽ സ്‌റ്റൈപ്പഫ് തുടങ്ങിയവർ ഒപ്പിട്ട കത്താണ് കൈമാറിയിരിക്കുന്നത്.
‘അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ താങ്കളോട്, മറ്റൊരു ജീവൻ നഷ്ടപ്പെടുന്നതിന് മുമ്പ് ഗാസയിലും ഇസ്രായേലിലും ഉടനടി വെടിനിർത്തൽ നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’- കത്തിൽ പറയുന്നു. ‘കഴിഞ്ഞ ഒന്നര ആഴ്‌ചയ്‌ക്കുള്ളിൽ 5,000-ലധികം ആളുകൾ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. വിശ്വാസമോ വംശമോ എന്തുതന്നെയായാലും എല്ലാ ജീവിതവും പവിത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഫലസ്തീനിലെയും ഇസ്രായേലി സിവിലിയന്മാരെയും കൊലപ്പെടുത്തിയതിനെ ഞങ്ങൾ അപലപിക്കുന്നു. ലോക നേതാക്കളോട് മനുഷ്യജീവന് മുൻഗണന നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’ -കത്തിൽ പറയുന്നു.
പുണ്യഭൂമിയിലെ അക്രമം തടയാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കുക. ഗസ്സയിലെ ബോംബാക്രമണം അവസാനിപ്പിക്കുക. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിക്കുന്നത്.
ഗസ്സയിലെ ഭയാനകമായ മാനുഷിക സാഹചര്യം ഊന്നിപ്പറയുന്ന കത്തിൽ സംഘർഷ ബാധിതരായ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിന് മാനുഷിക സഹായം എത്തിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. രക്തച്ചൊരിച്ചിൽ തടയാൻ മേഖലയിൽ ഇനിയും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നിശബ്ദരായിരിക്കില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.
നിലവിലെ സംഘർഷം മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിൽ അമേരിക്കയ്ക്ക് സുപ്രധാനമായ നയതന്ത്ര പങ്ക് വഹിക്കാനാകുമെന്ന് വിശ്വസിക്കുന്നതായി അഭിനേതാക്കൾ പറഞ്ഞു. ഹോളിവുഡിലെ ‘ആർടിസ്റ്റ് ഫോർ സീസ്ഫയർ’ കുട്ടായ്മയിലെ അംഗങ്ങളാണ് കത്തയച്ച നടീനടന്മാർ.