വാഷിംഗ്ടണ്‍: അമേരിക്കന്‍ ദേശീയ ബഹുമതികള്‍ക്ക് അര്‍ഹരായ രണ്ട് ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രസിഡന്റ് ബൈഡന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.
ശാസ്ത്രജ്ഞരായ അശോക് ഗാഡ്ഗില്‍ സുബ്ര സുരേഷ് എന്നിവര്‍ക്കാണ് ബൈഡന്‍ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ദേശീയ മെഡലുകള്‍ സമ്മാനിച്ചത്.
അശോക് ഗാഡ്ഗില്‍ അമേരിക്കന്‍ പ്രസിഡന്റില്‍ നിന്ന് നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ പുരസ്‌കാരം സ്വീകരിച്ചു.
സുബ്ര സുരേഷിന് ദേശീയ ശാസ്ത്ര മെഡലാണ് ജോ ബൈഡന്‍ സമ്മാനിച്ചത്.
‘മഹത്തായ ശാസ്ത്രത്തെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരാന്‍ നമ്മള്‍ ദൃഢനിശ്ചയത്തിലാണ്,’ ചടങ്ങില്‍ ബൈഡന്‍ പറഞ്ഞു. ‘ഈ വര്‍ഷത്തെ സ്വീകര്‍ത്താക്കളെ ‘മികച്ചവര്‍’ എന്നു വിശേഷിപ്പിക്കുന്നത് ഒരു കുറവായിരിക്കാം. അവര്‍ അസാധാരണരാണ്… അവര്‍ മറ്റൊരു തലമുറയ്ക്ക് വഴിയൊരുക്കി. നമ്മുടെ രാജ്യത്തിന്റെ മുഴുവന്‍ സാധ്യതകളും തുറന്നുകിട്ടുന്നതിനായി ശാസ്ത്രജ്ഞരും കണ്ടുപിടുത്തക്കാരും അവരുടെ സ്വന്തം കണ്ടെത്തലുകളുമായി മുന്നോട്ടുപോവുകയാണ്-ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ മെഡല്‍ ഓഫ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ലഭിച്ച 12 പേരുടെ കൂട്ടത്തില്‍ ഗാഡ്ഗിലും ഉള്‍പ്പെടുന്നു.
സിവില്‍, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗിലെ വിശിഷ്ട പ്രൊഫസര്‍ എമറിറ്റസ് ആയ ഗാഡ്ഗില്‍ ‘ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികള്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള വിഭവങ്ങള്‍ നല്‍കുന്നതിന് അംഗീകരിക്കപ്പെട്ടയാളാണെന്ന് ബെര്‍ക്ക്ലി എഞ്ചിനീയറിംഗ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നൂതനവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകള്‍ കുടിവെള്ളം മുതല്‍ ഇന്ധനക്ഷമതയുള്ള കുക്ക് സ്റ്റൗവുകള്‍ വരെയുള്ള ആഴത്തിലുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. എല്ലാ മനുഷ്യരുടെയും അന്തസ്സിലും നമ്മുടെ കാലത്തെ വലിയ വെല്ലുവിളികള്‍ പരിഹരിക്കാനുള്ള ശക്തിയിലും ഉള്ള വിശ്വാസത്തില്‍ നിന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതിനുള്ള പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്.
‘മാനുഷിക കണ്ടുപിടുത്തക്കാരന്‍’ എന്ന് പരക്കെ കണക്കാക്കപ്പെടുന്ന ഗാഡ്ഗില്‍, ലോറന്‍സ് ബെര്‍ക്ക്‌ലി നാഷണല്‍ ലബോറട്ടറിയില്‍ നിന്ന് വിരമിച്ച ഫാക്കല്‍റ്റി സീനിയര്‍ ശാസ്ത്രജ്ഞന്‍ കൂടിയാണ്.
ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ പ്രൊഫസറും നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ മുന്‍ ഡയറക്ടറുമാണ് സുബ്ര സുരേഷ്.
എഞ്ചിനീയറിംഗ്, ഫിസിക്കല്‍ സയന്‍സ്, ലൈഫ് സയന്‍സസ് എന്നിവയിലുടനീളമുള്ള ഗവേഷണത്തിനും പ്രത്യേകിച്ച് മെറ്റീരിയല്‍ സയന്‍സിന്റെ പഠനവും മറ്റ് വിഷയങ്ങളിലേക്കുള്ള അതിന്റെ പ്രയോഗവും മുന്നോട്ട് കൊണ്ടുപോകുന്നതിന് അദ്ദേഹം അംഗീകരിക്കപ്പെട്ടുവെന്ന് ബ്രൗണ്‍ സര്‍വകലാശാല വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ദേശീയ ശാസ്ത്ര മെഡല്‍ സ്വീകരിച്ച ഒമ്പത് പേരില്‍ സുരേഷ് ഉള്‍പ്പെടുന്നു.
രാഷ്ട്രത്തിനായുള്ള സേവനത്തില്‍, ഭൗതിക, ജീവശാസ്ത്ര, ഗണിത, എഞ്ചിനീയറിംഗ്, അല്ലെങ്കില്‍ സാമൂഹിക, പെരുമാറ്റ ശാസ്ത്രങ്ങളിലെ അറിവിന് വ്യക്തികള്‍ നല്‍കിയ മികച്ച സംഭാവനകളെ തിരിച്ചറിയുന്നതിനാണ് ഈ അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.