വാഷിംഗ്ടണ്‍ : ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രസിഡന്റ് ജോ ബൈഡന്റെ 2024 ലെ തിരഞ്ഞെടുപ്പിനുള്ള സംഭാവനകളും വോട്ടുകളും തടയുമെന്ന് ചില മുസ്ലീം, അറബ് അമേരിക്കന്‍ ഗ്രൂപ്പുകളുടെ ഭീഷണി.
തിരഞ്ഞെടുപ്പുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന ചൂടേറിയ മത്സരമുള്ള മിഷിഗണ്‍, ഒഹായോ, പെന്‍സില്‍വാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടുന്ന നാഷണല്‍ മുസ്ലീം ഡെമോക്രാറ്റിക് കൗണ്‍സില്‍, ഇസ്രയേലുമായുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് വെടിനിര്‍ത്തലിന് ഇടനിലക്കാരനാകാന്‍ ബൈഡനോട് അഭ്യര്‍ത്ഥിച്ചു. ഇത് സംബന്ധിച്ച് മുസ്ലീം നേതാക്കള്‍ ബൈഡന്‍ തുറന്ന് കത്തെഴുതി.
പാലസ്തീനിയന്‍ ജനതയ്‌ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ അംഗീകരിക്കുന്ന ഏതൊരു സ്ഥാനാര്‍ത്ഥിക്കും അംഗീകാരമോ പിന്തുണയോ വോട്ടോ നല്‍കുന്നതില്‍ നിന്ന് മുസ്ലിം, അറബ്, സഖ്യകക്ഷി വോട്ടര്‍മാരെ തടയുമെന്ന് ‘2023 വെടിനിര്‍ത്തല്‍ അന്ത്യശാസനം’ എന്ന തലക്കെട്ടില്‍ എഴുതിയ തുറന്ന കത്തില്‍, മുസ്ലീം നേതാക്കള്‍ പ്രതിജ്ഞയെടുത്തു.
‘നിങ്ങളുടെ (ബൈഡന്റെ) ഭരണകൂടത്തിന്റെ നിരുപാധികമായ പിന്തുണയും, ധനസഹായവും ആയുധങ്ങളും, പാലസ്തീനിലെ സിവിലിയന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുന്ന അക്രമം ശാശ്വതമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഈ പ്രവൃത്തി മുമ്പ് നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന വോട്ടര്‍മാരരുടെ വിശ്വാസം ഇല്ലാതാക്കിയെന്നും കൗണ്‍സില്‍ എഴുതി.
2020 ലെ തിരഞ്ഞെടുപ്പില്‍ ഏകദേശം 1.1 ദശലക്ഷം മുസ്ലിംകള്‍ വോട്ട് ചെയ്തതായി മുസ്ലീം അമേരിക്കന്‍ സിവിക് ഗ്രൂപ്പായ എംഗേജ് കണ്ടെത്തി. അസോസിയേറ്റഡ് പ്രസ് എക്‌സിറ്റ് പോള്‍ പ്രകാരം മുസ്ലീങ്ങളില്‍ 64% പേര്‍ ഡെമോക്രാറ്റായ ബൈഡനും 35% പേര്‍ അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനുമാണ് വോട്ട് ചെയ്തത്.
3.7 ദശലക്ഷം അമേരിക്കക്കാര്‍ ഏതെങ്കിലും ഒരു അറബ് രാജ്യത്ത് അവരുടെ വേരുകള്‍ ഉള്ളവരാണ് എന്നാണ് അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നത്. ചൊവ്വാഴ്ച പുറത്തുവന്ന വോട്ടെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത് ബൈഡനും ഡെമോക്രാറ്റുകള്‍ക്കും ഈ ഗ്രൂപ്പിലെ പിന്തുണ ഗണ്യമായി കുറഞ്ഞു എന്നാണ്.
അതേസമയം ഭരണത്തിനുള്ളിലെ കമ്മ്യൂണിറ്റി അംഗങ്ങളും രാഷ്ട്രീയ നിയമനക്കാരും ഉന്നയിച്ച ഗുരുതരമായ ആശങ്കകള്‍ പരിഹരിക്കാന്‍ വൈറ്റ് ഹൗസ് നടപടികളാരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ബൈഡന്‍ ഏതാനും മുസ്ലീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മുസ്ലിം സമൂഹത്തിന്റെ വോട്ടെടുപ്പിനെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍-പിയറി വിസമ്മതിച്ചു, എന്നാല്‍ അമേരിക്കന്‍ മുസ്ലിംകളും മുസ്ലിംകളെന്ന് കരുതപ്പെടുന്നവരുമായ ‘ആനുപാതികമല്ലാത്ത എണ്ണം ആളുകള്‍ വിദ്വേഷം ഉളവാക്കുന്ന ആക്രമണങ്ങള്‍’ സഹിച്ചുവെന്ന് സമ്മതിച്ച കരീന്‍ അവരുടെ കാഴ്ചപ്പാടുകളെ മാനിക്കുന്നുവെന്നും ബൈഡന് ഇതെല്ലാം അറിയാമായിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബൈഡന്‍ ഭരണകൂടം അറബ്, മുസ്ലീം സമുദായാംഗങ്ങളുമായും ജൂത നേതാക്കളുമായും അവരുടെ വ്യത്യസ്ത ആശങ്കകളില്‍ ഭരണകൂടത്തിനുള്ളിലെ രാഷ്ട്രീയ നിയമിതരുമായും ഇടപഴകുന്നുണ്ടെന്നും ആ ശ്രമങ്ങള്‍ തുടരുമെന്നും അവര്‍ പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന യഹൂദവിരുദ്ധതയ്ക്കെതിരെയും ഇസ്ലാമോഫോബിയയ്ക്കെതിരെയും ബൈഡന്‍ സംസാരിക്കുന്നുണ്ട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് മുസ്ലീം നേതാക്കളുടെ ആവശ്യം.
പോരാട്ടം അവസാനിപ്പിക്കാന്‍ 2024 ല്‍ ബൈഡനെതിരെ വോട്ട് ചെയ്യുക എന്ന വഴിയല്ലാതെ തന്റെ മുന്നിലില്ലെന്ന് മിനസോട്ടയിലെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജയ്ലാനി ഹുസൈന്‍ പറഞ്ഞു. രാഷ്ട്രീയ പ്രചാരണത്തില്‍ നിന്ന് വിലക്കപ്പെട്ട CAIR ന് വേണ്ടിയല്ല, ഒരു വ്യക്തി എന്ന നിലയിലാണ് താന്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാമീണ അമേരിക്കയിലെ തന്റെ ഭരണകൂടത്തിന്റെ നിക്ഷേപങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ബൈഡന്‍ മിനസോട്ടയില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ പ്രാദേശിക പലസ്തീന്‍ അനുകൂല ഗ്രൂപ്പുകള്‍ ബുധനാഴ്ച മിനിയാപൊളിസില്‍ ഒരു പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്.
1,400 പേരെ കൊല്ലുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തതായി ഇസ്രായേല്‍ പറയുന്ന ഹമാസ് ആക്രമണത്തെ ബൈഡന്‍ അപലപിച്ചിരുന്നു. എന്നാല്‍ അതേദിവസം ഗാസമുമ്പില്‍ ഇസ്രായല്‍ നടത്തിയ തിരിച്ചടിയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തിനെതിരെ ബൈഡന്‍ ശബ്ദിക്കാത്തതില്‍ അറബ്, മുസ്ലീം അമേരിക്കന്‍ സമൂഹങ്ങള്‍ നിരാശ പ്രകടിപ്പിച്ചു.
തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നും എന്നാല്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഇരകളായ ഗാസയിലെ നിരപരാധികളായ പലസ്തീന്‍ പൗരന്മാരെ സംരക്ഷിക്കണമെന്നുമാണ് ബൈഡന്‍ പറഞ്ഞത്.
ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 3,542 കുട്ടികള്‍ ഉള്‍പ്പെടെ 8,525 പേര്‍ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ അധികൃതര്‍ പറയുന്നത്. ഗാസയിലെ ഏകദേശം 2.3 ദശലക്ഷത്തോളം വരുന്ന സിവിലിയന്‍ ജനസംഖ്യയില്‍ 1.4 ദശലക്ഷത്തിലധികം പേര്‍ ഭവനരഹിതരായതായി യുഎന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഗാസയ്ക്കെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഹമാസിന് മാത്രമേ ഇപ്പോള്‍ നേട്ടമുണ്ടാകൂവെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
മിഷിഗണില്‍ നിന്നുള്ള ഫലസ്തീനിയന്‍ അമേരിക്കന്‍ നിയമനിര്‍മ്മാതാവായ പ്രതിനിധി റാഷിദ ത്‌ലൈബ് തിങ്കളാഴ്ച 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ, സോഷ്യല്‍ മീഡിയ സൈറ്റായ എക്സില്‍ പോസ്റ്റു ചെയ്തിരുന്നു. അതില്‍ ബൈഡന്റെ ഇസ്രായേല്‍ അനുകൂല നിലപാടിനെ വിമര്‍ശിച്ച റാഷിദ 2024-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ വോട്ട് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നതല്ല എന്ന മുന്നറിയിപ്പ് നല്‍കി.