ദില്ലി: ഇന്ത്യയും അമേരിക്കയും സംയുക്തമായി വികസിപ്പിച്ചെടുത്ത, വിമാനത്തിൽ നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോണിന്റെ പരീക്ഷണ പറക്കൽ നടപടികൾ സെപ്തംബറോടെ ആരംഭിക്കും. എയറോ ഇന്ത്യ എയർ ഷോയിൽ സംസാരിക്കവെ വ്യോമസേനയുടെ ഇന്റർനാഷണൽ അഫയേഴ്സ് അസിസ്റ്റന്റ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി മേജർ ജനറൽ ജൂലിയൻ സി ചീറ്ററാണ് ഇക്കാര്യം അറിയിച്ചത്.
“2023 സെപ്തംബറോടെ പരീക്ഷണ പറക്കൽ നടത്താനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഉത്തരേന്ത്യയിലും അമേരിക്കയിലുമായാകും പരീക്ഷണം നടത്തുക. ഡ്രോണിലെ സെൻസറുകൾ കൂടുതൽ വികസിപ്പിക്കും. C-130ജെ വിമാനത്തിൽ നിന്ന് ഡ്രോൺ വിക്ഷേപിക്കാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഏഴ് വർഷത്തെ പദ്ധതിയാണിത്. ഒരു ദീർഘകാല കരാറും സാങ്കേതികവിദ്യ പങ്കിടലും കൂടിയാണിത്. ഉഭയകക്ഷിബന്ധത്തിൽ അക്കാര്യം സമ്മതിച്ചിട്ടുള്ളതാണ്”. ജൂലിയൻ സി ചീറ്റർ പറഞ്ഞു.
ഡിഫൻസ് ടെക്‌നോളജി ആന്റ് ട്രേഡ് ഇനിഷ്യേറ്റീവിലെ (ഡിടിടിഐ) ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് എയർ സിസ്റ്റത്തിന് കീഴിൽ 2021 ജൂലൈയിൽ ആണ് ഇത് സംബന്ധിച്ച കരാർ പൂർത്തിയായത്. യുഎസ് എയർഫോഴ്‌സ് റിസർച്ച് ലബോറട്ടറി, ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), ഇന്ത്യൻ എയർഫോഴ്‌സ് എന്നിവർ ചേർന്നാണ് ഡ്രോൺ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നത്. പ്രതിരോധ മേഖലയിൽ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള വഴികൾ അമേരിക്ക ചർച്ച ചെയ്യുന്ന സമയത്താണ് മേജർ ജനറൽ ചീറ്ററുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്.
രണ്ട് ഇന്തോ-പസഫിക്ക് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ അമേരിക്കയും ഇന്ത്യയും സ്വതന്ത്രവും സുതാര്യവുമായ പൊതുവായ കാഴ്ചപ്പാട് പങ്കിടുന്നുണ്ട്. ആ കാഴ്ചപ്പാട് എയ്‌റോ ഇന്ത്യ പോലുള്ള ലോകോത്തര പദ്ധതികളിലൂടെ ശക്തിപ്പെടുത്താനും അതുവഴി ഇരുരാജ്യങ്ങൾക്കുമിടയിലെ വിശ്വാസവും ധാരണയും വർദ്ധിപ്പിക്കാനും നമുക്ക് കഴിയുമെന്നും മേജർ ജനറൽ ചീറ്റർ അഭിപ്രായപ്പെട്ടു. മറ്റേതൊരു രാജ്യത്തേക്കാളും അധികമായി അമേരിക്ക ഇന്ത്യയുമായി സൈനികാഭ്യാസം നടത്തുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിന്റെ പ്രാധാന്യത്തിനും ഇന്ത്യയെ പ്രതിരോധ പങ്കാളിയായി നിയമിച്ചതിനും ഉള്ള ഒരു ഉദാഹരണം മാത്രമാണിത്. ഇന്ത്യ-അമേരിക്ക ബന്ധം എത്രത്തോളം ശക്തമാണ് എന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയും അമേരിക്കയും തമ്മിൽ വർദ്ധിച്ചുവരുന്ന നയതന്ത്ര, സുരക്ഷാ സഹകരണം എടുത്തുകാണിച്ചാണ് എയ്‌റോ ഇന്ത്യ 2023-ലെ അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ തലവനായ അംബാസഡർ എ എലിസബത്ത് ജോൺസ് സംസാരിച്ചത്. തന്ത്രപരമായ പങ്കാളിത്തം തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും വലിയ അനന്തരഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും അമേരിക്കയും സ്വതന്ത്രവും സുതാര്യവുമായ ബന്ധത്തിലൂടെ സമൃദ്ധവും സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാൻ നിരവധി മാർഗങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുകയാണ്. അതിലൂടെ ഇരുരാജ്യങ്ങളിലെയും ജനാധിപത്യം അഭിവൃദ്ധി പ്രാപിക്കും. പങ്കാളികൾ എന്ന നിലയിൽ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ തങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയാണ്.
ആഗോളതലത്തിൽ ആരോഗ്യമേഖല മെച്ചപ്പെടുത്തുകയും പുതിയ പകർച്ചവ്യാധികൾ തടയാൻ തയ്യാറെടുക്കുകയും ചെയ്യുകയാണ്. സൈബർ വെല്ലുവിളികളിൽ സഹകരിക്കുകയാണ്. ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും സുസ്ഥിര വിതരണ ശൃംഖല ഉറപ്പാക്കുകയും ചെയ്യുന്നു. നിർണായക സാങ്കേതികവിദ്യകളിലും തങ്ങൾ സഹകരണം ശക്തിപ്പെടുത്തുകയാണെന്നും എലിസബത്ത് ജോൺസ് പറഞ്ഞു.