വാഷിങ്ടൻ: ചൈനയിൽ യുഎസ് ചാരബലൂണുകൾ അയച്ചെന്ന ആരോപണം നിഷേധിച്ച് വൈറ്റ് ഹൗസ്. നിരീക്ഷണം നടത്തുന്നതിനായി ചൈനയുടെ പരിധിയിലേക്ക് ബലൂൺ അയച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയെൻ വാസ്ടൻ ട്വിറ്ററിൽ അറിയിച്ചു.
വിവരങ്ങൾ ശേഖരിക്കുന്നതിന് ബലൂണുകൾ ഉപയോഗിച്ചത് ചൈനയാണ്. യുഎസിന്റെയും മറ്റ് 40 രാജ്യങ്ങളുടെയും പരമാധികാരത്തെ ലംഘിച്ചാണ് ചൈന ഇത്തരം ഒരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ചാരബലൂണുകൾ വെടിവച്ചിട്ടെന്ന് യുഎസും കാനഡയും അവകാശവാദമുന്നയിക്കുമ്പോൾ, കഴിഞ്ഞ ഒരു വർഷത്തിനിടെ 10 തവണയെങ്കിലും യുഎസ് ചാര ബലൂണുകൾ വ്യോമ മേഖലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന ആരോപണവുമായി ചൈന രംഗത്തെത്തിയിരുന്നു. ഇതുമറുപടിയായാണ് വൈറ്റ് ഹൗസ് രംഗത്തെത്തിയത്.
ബൊഹായ് കടലിനോട് ചേർന്ന് ആകാശത്ത് അജ്ഞാതവസ്‌തു കണ്ടെത്തിയതായി ചൈന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനിടെയാണ് 2022 ജനുവരി മുതൽ ഇതുവരെ 10 തവണ യുഎസ് ചാരബലൂണുകൾ ചൈനയുടെ വ്യോമാതിർത്തിയിലേക്ക് അയച്ചെന്ന ആരോപണം. ഉന്നയിച്ചത്. കാലാവസ്ഥ നിരീക്ഷണത്തിനാണ് ബലൂൺ ഉപയോഗിക്കുന്നതെന്നുള്ള ചൈനയുടെ വാദം പൊളിഞ്ഞതോടെയാണ് പുതിയ വാദവുമായി രംഗത്തെത്തിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.