വാഷിംഗ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് പ്രസിഡൻ് ജോ ബൈഡൻ. കാലിഫോണിയയിലെ സാൻ ഡിഗോയിൽ നടന്ന യുഎസ്- ഓസ്‌ട്രേലിയ ആണവ അന്തർവാഹിനി ഉടമ്പടി ഒപ്പുവെക്കുന്ന ചടങ്ങിനിടെയായിരുന്നു ക്ഷണം. യോഗത്തിൽ ബൈഡനെയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണിയോ ആൽബനീസിനെയും കൂടാതെ ഋഷി സുനകും പങ്കെടുത്തിരുന്നു.
ചടങ്ങിനിടെ നടന്ന സംഭാഷണത്തിൽ ബൈഡൻ സുനകിനെ വാഷിംഗ്ടണിലേക്ക് ക്ഷണിക്കുകയായിരുന്നു. ഈ വർഷം ജൂണിൽ സുനക് വൈറ്റ് ഹൗസ് സന്ദർശനത്തിനായി അമേരിക്കയിൽ എത്തുമെന്നാണ് ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരം. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുക എന്നതുകൂടി ലക്ഷ്യമിട്ടു കൊണ്ടാണ് വൈറ്റ് ഹൗസിലേക്ക് സുനകിന് ജോ ബൈഡന്റെ ക്ഷണം.
സാൻ ഡിഗോയിൽ നടന്ന ചടങ്ങിൽ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തി. ത്രിരാഷ്‌ട്ര സഖ്യത്തിന്റെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആണവ അന്തർവാഹിനി കരാറിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് മൂന്ന് നേതാക്കളും ചടങ്ങിൽ വിലയിരുത്തി.