Thursday, January 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമേരിക്കൻ വ്യോമസേനയുടെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ

അമേരിക്കൻ വ്യോമസേനയുടെ തലപ്പത്ത് ഇനി ഇന്ത്യൻ വംശജൻ

അമേരിക്കൻ എയർഫോഴ്സ് അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യൻ വംശജനായ രവി ചൗധരിയെ നിയമിക്കാൻ സെനറ്റ് തീരുമാനിച്ചു. പെന്റഗണിലെ ഉന്നത സിവിലിയൻ സ്ഥാനങ്ങളിലൊന്നാണിത്. ‌ എതിർകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ 29 വോട്ടുകൾക്കെതിെരെ 65 വോട്ടുകൾ നേടിയാണ് രവി ചൗധരി വിജയിച്ചത്.

അമേരിക്കൻ വ്യോമസേനയിൽ നിരവധി വർഷങ്ങളുടെ സേവന പരിചയമുള്ള വ്യക്തിയാണ് രവി ചൗധരി. മുൻപ് യുഎസ് ഗതാഗത വകുപ്പിൽ സീനിയർ എക്സിക്യൂട്ടീവായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവിടെ അദ്ദേഹം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലെ (എഫ്എഎ) ഓഫീസ് ഓഫ് കൊമേഴ്സ്യൽ സ്പേസിന്റെ അഡ്വാൻസ്ഡ് പ്രോഗ്രാമുകളുടെയും ഇന്നൊവേഷന്റെയും ഡയറക്ടറായിരുന്നു. ഗതാഗത വകുപ്പിൽ പ്രവർത്തിക്കുന്നതിനിടെ റീജിയൺസ് ആൻസ് സെന്റർ ഓപ്പറേഷൻസ് വിഭാ​ഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ വാണിജ്യ ബഹിരാകാശ ഗതാഗത ദൗത്യത്തിന്റെ ഭാ​ഗമായുള്ള വികസന, ഗവേഷണ പദ്ധതികളുടെ ചുമതലയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

1993 മുതൽ 2015 വരെ യുഎസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ച സമയത്ത് അദ്ദേഹം വിവിധ ഓപ്പറേഷനണൽ, എഞ്ചിനീയറിംഗ്, സീനിയർ സ്റ്റാഫ് അസൈൻമെന്റ് തലത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സി-17 പൈലറ്റെന്ന നിലയിൽ, അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും നിരവധി യുദ്ധ ദൗത്യങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. ഒരു ഫ്ലൈറ്റ് ടെസ്റ്റ് എഞ്ചിനീയർ എന്ന നിലയിൽ, സേനയെ ആധുനികവൽക്കരിക്കാനുള്ള പദ്ധതികളിലും രവി ചൗധരി നിർണായ ഭാ​ഗമായി.

തന്റെ കരിയറിന്റെ തുടക്കത്തിൽ, ഗ്ലോബൽ പൊസിഷനിങ് സിസ്റ്റവുമായി ബന്ധപ്പെട്ട (ജിപിഎസ്) ബഹിരാകാശ വിക്ഷേപണ പ്രവർത്തനങ്ങളിലും രവി ചൗധരി ഭാഗമായിരുന്നു. ആദ്യത്തെ ജിപിഎസ് കോണ്‍സ്റ്റലേഷന്റെ പ്രവർത്തന ശേഷി ഉറപ്പാക്കുന്നതിനായുള്ള മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി.

സിസ്റ്റം എഞ്ചിനീയർ എന്ന നിലയിൽ, നാസയുടെ ബഹിരാകാശയാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം ഭാഗമായി. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭരണകാലത്ത് ഏഷ്യൻ അമേരിക്കന്‍ വംശജരുമായും പസഫിക് ദ്വീപ് നിവാസികളുമായും ബന്ധപ്പെട്ട പ്രസിഡന്റിന്റെ ഉപദേശക കമ്മിഷൻ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജോർജ്ജ്ടൗൺ യൂണിവേഴ്‌സിറ്റി ഡിഎൽഎസിൽ നിന്ന് എക്‌സിക്യൂട്ടീവ് ലീഡർഷിപ്പിലും ഇന്നൊവേഷനിലും സ്പെഷ്യലൈസ് ചെയ്ത രവി ചൗധരി ഡോക്ടറേറ്റും നേടിയിട്ടുണ്ട്. സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ എം.എസ്. പൂർ‌ത്തിയാക്കിയ അദ്ദേഹം എയർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓപ്പറേഷണൽ ആർട്‌സ് ആൻഡ് മിലിട്ടറി സയൻസിൽ എം.എയും കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, യുഎസ് എയർഫോഴ്സ് അക്കാദമിയിൽ നിന്ന് എയറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ബി.എസ് ബിരു​ദവും സ്വന്തമാക്കി. ഫെഡറൽ എക്സിക്യൂട്ടീവ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടി രവി ചൗധരി പ്രോഗ്രാം മാനേജ്മെന്റ്, ടെസ്റ്റ് ആൻഡ് ഇവാല്യൂവേഷൻ, സിസ്റ്റംസ് എഞ്ചിനീയറിംഗ് എന്നിവയിൽ സർട്ടിഫിക്കേഷനും നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com