വാഷിംഗ്ടൺ: അമേരിക്കൻ ഫിനാൻസ് ഏജൻസിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യൻ വംശജ നിഷ ദേശായി ബിസ്വാളിന്റെ പേര് ശുപാർശ ചെയ്ത് ബൈഡൻ. യു എസ് ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കായിരുന്നു ഇന്ത്യൻ വംശജയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് നിർദ്ദേശം സ്ഥിരീകരിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിഷ ദേശായി ബിസ്വാൾ ഒബാമയുടെ ഭരണകാലത്ത് ദക്ഷിണ-മധ്യേഷ്യയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. യുഎസ് വിദേശനയം, സ്വകാര്യ മേഖല എന്നിവയിലും അന്താരാഷ്‌ട്ര വികസന പരിപാടികളിലും ദീർഘ നാളത്തെ പരിചയമുള്ള വ്യക്തിയാണ്. നിലവിൽ ഇവർ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിലെ ഇന്റർനാഷണൽ സ്ട്രാറ്റജി ആൻഡ് ഗ്ലോബൽ ഇനിഷ്യേറ്റീവുകളുടെ സീനിയർ വൈസ് പ്രസിഡന്റാണ്.യുഎസ്- ഇന്ത്യ ബിസിനസ് കൗൺസിലിന്റെയും യുഎസ്-ബംഗ്ലാദേശ് ബിസിനസ് കൗൺസിലിന്റെയും മേൽനോട്ടം വഹിക്കുന്നുമുണ്ട്.
വിർജിനിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ബിസ്വാൾ ഇന്റർനാഷണൽ റിലേഷൻസ് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ആൻഡ് ഫോറിൻ ഓപ്പറേഷൻസ് സബ്കമ്മിറ്റിയിൽ സ്റ്റാഫ് ഡയറക്ടറായും, ഫോറിൻ അഫയേഴ്സ് കമ്മിറ്റിയിയിലെ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.