ലിൻഡൻ (ന്യൂജഴ്‌സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകയിൽ വിശുദ്ധവാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഓർത്തഡോക്സ് സഭയുടെ വലിയ നോമ്പുകാലത്തിന്റെ അവസാന വാരമാണ് വിശുദ്ധവാരം അഥവാ ഹാശാ ആഴ്ച. ജറുസലേം ദേവാലയത്തിലേക്കുള്ള യേശുവിന്റെ വിജയകരമായ പ്രവേശനം അനുസ്മരിക്കുന്ന ഓശാന ഞായറാഴ്ചയിൽ തുടങ്ങി, പെസഹാ, അന്ത്യ അത്താഴം, ശിഷ്യന്മാരുടെ കാൽ കഴുകൽ, ക്രൂശുമരണം എന്നിവയ്ക്ക് ശേഷം ഉയിർപ്പു ദിനത്തിലാണ് ഹാശാ ശുശ്രൂഷകൾ അവസാനിക്കുന്നത്.
ഏപ്രിൽ 1 ശനിയാഴ്ച വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന നോമ്പുകാല റിട്രീറ്റിന് അഭിവന്ദ്യ മാർ അത്താനാസിയോസ് നേതൃത്വം നൽകും. അന്നേ ദിവസം വൈകുന്നേരം 6:30 ന് സന്ധ്യാപ്രാർഥനയും ഉണ്ടായിരിക്കും. ഓശാന ശുശ്രൂഷകൾ ഏപ്രിൽ 2 രാവിലെ 8 മണിക്ക് പ്രഭാത പ്രാർഥനയോടെ ആരംഭിക്കും, തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.
ഏപ്രിൽ 5 ബുധനാഴ്ച വൈകുന്നേരം 6.30 ന് പെസഹ ശുശ്രൂഷകൾ ആരംഭിക്കും. ഏപ്രിൽ 6 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകും. ദുഃഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ 7 വെള്ളിയാഴ്ച രാവിലെ 8:30 ന് ആരംഭിക്കും. ദുഃഖ ശനിയാഴ്ച രാവിലെ 10.00ന് വിശുദ്ധ കുർബാനയ്ക്ക് തിരുമേനി നേതൃത്വം നൽകും. കുരിശുമരണത്തിന് ശേഷം മൂന്നാം ദിവസം ഉയിർപ്പിന്റെ സ്മരണയ്ക്കായി നടത്തുന്ന ഈസ്റ്റർ ദിന ശുശ്രൂഷകൾ ഏപ്രിൽ 9 ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും.
യേശുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ സെന്റ് തോമസാണ് AD 52-ൽ മലങ്കരയിൽ സഭ സ്ഥാപിച്ചത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ കീഴിലുള്ള ഇടവകകളിൽ ഒന്നാണ് ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക. ഫാ. സണ്ണി ജോസഫാണ് ഇപ്പോഴത്തെ ഇടവക വികാരി.
കൂടുതൽ വിവരങ്ങൾക്ക് ബിനു സാമുവൽ, സെക്രട്ടറി (ഫോൺ: 646.210.2161) അല്ലെങ്കിൽ ബിനി ജോസഫ്, ട്രഷറർ (ഫോൺ: 201.539.0760) എന്നിവരുമായി ബന്ധപ്പെടുക.