സിൽവർ സിറ്റി: ലോകത്തെ നടുക്കുന്ന കാഴ്ചയായി അമേരിക്കയിലെ മിസിസിപ്പിയിൽ കൊടുങ്കാറ്റ്. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലുമായി നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. മേഖലയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ ഇതുവരെ 23 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
യഥാർഥ കണക്കുകൾ പുറത്തുവരുമ്പോൾ മരണ സംഖ്യ ഉയർന്നേക്കുമോ എന്ന ഭീതിയിലാണ് അധികൃതർ. ഒരു ദിവസത്തിനിടെ 11 ചുഴലിക്കാറ്റുകളാണ് മേഖലയിൽ വീശിയടിച്ചത്. ഇതാണ് ദുരന്തത്തിന്‍റെ തീവ്രത വർധിക്കാൻ കാരണം. സിൽവർ സിറ്റിയിലും റോളിംഗ് ഫോർക്കിലും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും താറുമാറായി. മിസിസിപ്പി മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
‘ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല’ എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ബ്രാണ്ടി ഷോവ മാധ്യമങ്ങളോട് പറഞ്ഞത്. ‘ഇതൊരു വലിയ ചെറിയ പട്ടണമായിരുന്നു, ഇപ്പോൾ അത് ഇല്ലാതായി’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.