ന്യൂയോർക്• മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യൂയോർക്ക് സിറ്റിയിലെ ട്രംപ് ടവറിലെത്തി. തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചു പോൺ താരത്തിനു പണം നൽകിയ ക്രിമിനൽ കേസിൽ ഇന്ന് മാൻഹാട്ടൻ ക്രിമിനൽ കോടതിയിൽ ഹാജരാകും. ന്യൂയോർക്ക് കോടതിക്കു സമീപവും ട്രംപ് ടവറിനു മുന്നിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ട്രംപ് അനുകൂലികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണു നടപടി. 36,000 പൊലീസുകാരെയാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്.
ക്യാപിറ്റൽ ആക്രമണത്തിനു സമാനമായ നീക്കം പ്രതീക്ഷിച്ചാണു പൊലീസിനെ വിന്യസിച്ചിരിക്കുന്നതു. കോടതി നടപടികൾ പരസ്യമാക്കണമെന്നും ക്യാമറ ഉപയോഗിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ തുടങ്ങിയ പ്രധാന മാധ്യമസ്ഥാപനങ്ങൾ അപേക്ഷ നല്‍കിയിട്ടുണ്ട്.
കോടതിയിൽ പ്രവേശിക്കുന്നതിനു മുൻപു പതിവു നടപടിക്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ വിരലടയാളവും മുഖത്തിന്റെ ചിത്രവും എടുക്കും. എന്നാൽ, വിലങ്ങുവയ്ക്കില്ലെന്നു കോടതി ഉറപ്പുകൊടുത്തിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോ ടകോപിന നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിനെ കോടതിയില്‍ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. മുൻപുതന്നെ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ടെങ്കിലും കോടതിയിൽ ട്രംപ് കുറ്റസമ്മതം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരത്തിനെതിരെ പ്രത്യേക ഭീഷണികളൊന്നുമില്ലെങ്കിലും ഏത് പ്രശ്‌നത്തെയും നേരിടാൻ ഉദ്യോഗസ്ഥർ തയ്യാറാണെന്നു വാർത്താ സമ്മേളനത്തിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് പറഞ്ഞു. ന്യൂയോർക്ക് നഗരത്തിലേക്ക് ചില കലാപകാരികൾ വരുമെന്നു പ്രതീക്ഷിക്കുന്നു. അവർക്കുള്ള ഞങ്ങളുടെ സന്ദേശം ലളിതവും വ്യക്തവുമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച കോടതിക്ക് സമീപം ട്രംപ് അനുകൂല റാലി നടത്താൻ ജോർജിയയിലെ കോൺഗ്രസ് വുമൺ മാർജോറി ടെയ്‌ലർ ഗ്രീൻ പദ്ധതിയിടുന്നു.
അതേസമയം 2021 ലെ ക്യാപിറ്റൽ കലാപത്തിനു മുമ്പുള്ള ദിവസങ്ങളിൽ ട്രംപ് അനുകൂലികൾ വാഷിങ്ടണിലേക്കു പ്രവഹിക്കുകയായിരുന്നു. അതിൽ നിന്നും വ്യത്യസ്തമായി സമീപ ദിവസങ്ങളിൽ നഗരത്തിലേക്ക് പ്രതിഷേധക്കാരുടെ ഒരു ഒഴുക്കും കണ്ടിട്ടില്ലെന്ന് ന്യൂയോർക്ക് അധികൃതർ പറയുന്നു. ന്യൂയോർക്കിൽ ഒരു കലാപം ഉണ്ടാകുമെന്നതിനെക്കുറിച്ചു തനിക്ക് ആശങ്കയില്ലെന്നും ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ പൂർണ വിശ്വാസമുണ്ടെന്നും തിങ്കളാഴ്ച മിനസോട്ട സംസ്ഥാനത്ത് നടന്ന ഒരു പരിപാടിയിൽ പ്രസിഡന്റ് ജോ ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.