ന്യൂയോർക്ക്∙ മാനനഷ്ടക്കേസിൽ തോറ്റതോടെ സ്റ്റോമി ഡാനിയേൽസിനോട് 1,21,000 യുഎസ് ഡോളർ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകാൻ ഉത്തരവ്. കലിഫോർണിയയിലെ യുഎസ് സർക്യൂട്ട് കോടതി ആണ് ട്രംപിന് ലീഗൽ ഫീസ് നൽകാൻ ഉത്തരവിട്ടത്. ഇതിനു മുൻപും ഡാനിയേൽസിനു മാനനഷ്ടക്കേസിൽ തിരിച്ചടി നേരിട്ടിരുന്നു. ഇതോടെ 500,000 ഡോളർ ട്രംപിന്റെ അറ്റോർണിക്ക് ഡാനിയേൽസ് നൽകണം.
രതിചിത്ര നടിക്ക് പണം നൽകിയ കേസ്: ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി, വിട്ടയച്ചു
വഴിവിട്ട ബന്ധം മറച്ചുവയ്ക്കുന്നത് ട്രംപ് ഡാനിയേൽസിനു പണം നൽകിയ കേസിൽ മൻഹാറ്റനിലെ കോടതി അറസ്റ്റ് രേഖപ്പെടുത്തിയ ഇന്നലെയാണ് സ്റ്റോമിക്കെതിരായ കോടതി വിധിയുണ്ടായത്. ട്രംപിന്റെ അറ്റോർണി ഹർമീത് കെ. ദില്ലൻ ആണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് പങ്കുവച്ചത്. 2018ലാണ് ട്രംപ് നടത്തിയ ട്വീറ്റുമായി ബന്ധപ്പെട്ട് സ്റ്റോമി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
എന്നാൽ സ്റ്റോമിയുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ ട്രംപ് പണം നൽകിയ കേസുമായി ഇതിനു ബന്ധമില്ല. 2008ൽ രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപു 1.30 ലക്ഷം ഡോളർ നൽകിയെന്നാണു കേസ്. ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്ന ആദ്യ യുഎസ് മുൻ പ്രസിഡന്റാണ് ട്രംപ്. കേസുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലെ ട്രംപിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ ജഡ്‌ജി താക്കീതു നൽകിയിരുന്നു. ഇതിനിടെയാണ് കലിഫോർണിയ കോടതിയുടെ ആശ്വാസ വിധിയുണ്ടായത്