വാഷിംങ്ടൺ: വെളുത്ത ഉദ്യോഗാർത്ഥികളെ അന്വേഷിച്ചുള്ള യുഎസ് കമ്പനിയുടെ തൊഴിൽ പരസ്യം വിവാദത്തിലായി.ഡാലസ് ആസ്ഥാനമായുള്ള ഐടി കമ്പനിയായ ആർതർ ഗ്രാൻഡ് ടെക്നോളജീസിന്റെ പരസ്യത്തിലാണ് വെളുത്ത ഉദ്യോഗാർത്ഥികളെ അന്വേഷിച്ചുള്ള തൊഴിൽ വാർത്ത വിവാദത്തിലായത്. സെയിൽസ്‌ഫോഴ്സ് ഇൻഷുറൻസ് ക്ലെയിം ടീമിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് കമ്പനി പരസ്യം പ്രസിദ്ധീകരിച്ചത്. എന്നാൽ ഒരു ഡിമാൻഡ് മാത്രമാണ് കമ്പനി മുന്നോട്ട് വെച്ചത്. ഉദ്യോഗാർത്ഥികൾക്ക് വെളുത്തവരായിരിക്കണം.
തൊഴിൽ പരസ്യം പുറത്ത് വന്നതോടെ ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നാലെ നിരവധി വിവാദങ്ങളാണ് കമ്പനിയ്‌ക്കെതിരെ ഉയർന്ന് വന്നത്. 2023-ൽ പോലും നിറവും വംശവും അടിസ്ഥാനമാക്കി കമ്പനി വിവേചനം കാണിച്ചത് ചൂണ്ടിക്കാട്ടി നിരവധി പേർ രൂക്ഷമായി വിമർശിച്ചു.
വിവാദത്തിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. കമ്പനിയ്‌ക്ക് തെറ്റ് പറ്റിയതായും സ്ഥാപനത്തിൽ പുതുതായി വന്ന ഉദ്യോഗസ്ഥന്റെ പിഴവാണെന്നും ക്ഷമ ചോദിച്ച് കൊണ്ട് ആർതർ ഗ്രാൻഡ് കമ്പനി മുന്നോട്ട് വന്നു. ലിങ്കിഡ്ഇൻ പ്രസ്ഥാവനയിലാണ് കമ്പനി ക്ഷമപണം നടത്തിയത്. വംശം, നിറം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും കമ്പനി അംഗീകരിക്കില്ലെന്നും വിവാദത്തിന് കാരണമായ ജൂനിയർ റിക്രൂട്ടർക്കതിരെ നടപടി സ്വീകരിച്ചെന്നും കമ്പനി പ്രസ്ഥാവനയിലൂടെ അറിയിച്ചു.