ദില്ലി: ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിൽ ഉത്തരവാദികളെ കണ്ടെത്തണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ളിങ്കൻ. ഇക്കാര്യം എസ് ജയശങ്കറിനെ അറിയിച്ചെന്നും ആന്റണി ബ്ളിങ്കൻ പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ പങ്കിന് ഇലക്ട്രോണിക് തെളിവുണ്ടെന്ന് കാനഡ ആവർത്തിക്കുന്നു ഈ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും കാനഡ ആവശ്യപ്പെടുന്നു. അനൗദ്യോഗിക ചർച്ചകളിൽ കാനഡ ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ മതിയായ തെളിവില്ലാതെ ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. അതേസമയം അമേരിക്കയുടെ സഹായത്തോടെ ഇന്ത്യയ്ക്കു മേൽ സമ്മർദ്ദം ചെലുത്താനാണ് കാനഡയുടെ നീക്കം.
കാനഡയ്ക്ക് ഒരു തെളിവും നല്കാനായിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്നലെ യുഎസ് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ളിങ്കനെ അറിയിച്ചിരുന്നു. എന്നാൽ കാനഡയെ അനുകൂലിക്കുന്ന പ്രസ്താവനയാണ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും ആൻറണി ബ്ളിങ്കൻ നടത്തിയത്. കാനഡയിലെ തീവ്ര ഗ്രൂപ്പുകൾക്കിടയിലെ കുടിപ്പകയാണ് ഹർദീപ് സിംഗ് നിജ്ജറിൻറെ കൊലപാതകത്തിനിടയാക്കിയതെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് കിട്ടിയ സൂചന. ഇക്കാര്യം എസ് ജയശങ്കർ ആൻറണി ബ്ളിങ്കനെ അറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ ഭീഷണി നേരിടുമ്പോൾ വേറെ വഴിയില്ലാത്തതു കൊണ്ടാണ് വിസ സർവ്വീസ് നിറുത്തി വച്ചതെന്നും ജയശങ്കർ പറഞ്ഞു. അതേസമയം വിഷയത്തിൽ അമേരിക്ക കാനഡയ്ക്ക് അനുകൂലമായി നിൽക്കുന്നത് ജി20ക്കു ശേഷം ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ നേടിയ മേൽക്കൈക്ക് തിരിച്ചടിയാവുകയാണ്.
ഇന്നലെ നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യയെ നിരന്തരം കുറ്റപ്പെടുത്തുന്ന കാനഡക്കെതിരെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ഗുരുതര ആക്ഷേപമാണ് വാഷിംഗ്ടണ്ണില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ജയശങ്കര്‍ ഉന്നയിച്ചത്. അക്രമം, തീവ്രവാദം, മനുഷ്യക്കടത്ത് തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇടകലര്‍ന്ന രാജ്യമാണ് കാനഡ. ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നയത്ന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എംബസിയിലേക്കോ കോണ്‍സുലേറ്റിലോക്കോ പോകാന്‍ കഴിയുന്നില്ലെന്നും കാനഡയിലെ വിസ സേവനങ്ങള്‍ നിര്‍ത്തി വയക്കാന്‍ കാരണം ഇതാണെന്നും ജയശങ്കര്‍ വിശദീകരിച്ചു.