പി പി ചെറിയാൻ
പസാദേന (കലിഫോർണിയ) : മില്ലിസെക്കൻഡ് പൾസാറുകൾ, ഗാമാ-റേ സ്ഫോടനങ്ങൾ, സൂപ്പർനോവകൾ എന്നിവയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങൾക്ക് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ ശ്രീനിവാസ് ആർ. കുൽക്കർണി ഷാ പുരസ്കാരത്തിന് അർഹനായി.
കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജ്യോതിശാസ്ത്രത്തിലും ഗ്രഹശാസ്ത്രത്തിലും പ്രഫസറായ ഡോ. കുൽക്കർണി, ടൈം-ഡൊമെയ്ൻ ജ്യോതിശാസ്ത്രത്തിൽ നൽകിയ സുപ്രധാന സംഭാവനകൾക്കാണ് ഈ പുരസ്കാരം . ഷാ പ്രൈസ് ഫൗണ്ടേഷൻ ഈ മാസം 21 നാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.കർണാടകയിൽ വളർന്ന ഡോ. കുൽക്കർണി 1978-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും1983-ൽ കലിഫോർണിയ സർവകലാശാല, ബെർക്ക്‌ലിയിൽ നിന്ന് ഡോക്ടറേറ്റും നേടി.
ഡോ. കുൽക്കർണിയെ കൂടാതെ ഈ വർഷം ലൈഫ് സയൻസിലും മെഡിസിനിലും ഷാ പ്രൈസ് ഡോ. സ്വീ ലേ തീൻ, ഡോ. സ്റ്റുവർട്ട് ഓർക്കിൻ, ഗണിതശാസ്ത്രത്തിൽ ഡോ. പീറ്റർ സർനാക്ക് എന്നിവരും കരസ്ഥമാക്കി. ഓരോ വിഭാഗത്തിലും വിജയികൾക്ക് 1.2 മില്യൻ ഡോളർ സമ്മാനമായി ലഭിക്കും. അവാർഡ് ദാന ചടങ്ങ് നവംബർ 12-ന് ഹോങ്കോങ്ങിൽ നടക്കും.