വാഷിംഗ്ടൺ: വിഘടിച്ചു നിന്നവരും വ്യവഹാരത്തിനു പോയവരും അവയെല്ലാം അവസാനിപ്പിച്ച് സംഘടനയിലെത്തിയപ്പോൾ ആ ഐക്യം തകർക്കാൻ ശ്രമിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് അവഗണിക്കണമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏവരെയും കൂട്ടിയോജിപ്പിച്ചുള്ള നിരന്തരമായ പ്രവർത്തനം നടത്തിവരുന്നതിനിടെയാണ് ചുരുക്കം ചിലർ ഫൊക്കാനയ്ക്കെതിരെ കുത്തിത്തിരിപ്പുമായി ഇറങ്ങിയിരിക്കുന്നത്. മലയാളികളെല്ലാം ഒത്തൊരുമയോടെ , സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കേണ്ട വേളയിൽ സംഘടനയ്ക്ക് അപകീർത്തിയുണ്ടാക്കാനുള്ള ഒരു നീക്കവും അനുവദിക്കുകയില്ല. അത്തരക്കാരെ ഫൊക്കാന പ്രവർത്തകരടങ്ങുന്ന പ്രബുദ്ധരായ അമേരിക്കൻ മലയാളികൾ മനസിലാക്കുമെന്ന് ഉറപ്പുണ്ട്. അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഒപ്പം ഒരു കുടക്കീഴിലെന്ന പോലെ എല്ലാ സംഘടനകളും അണിനിരന്നിരിക്കുകയാണ്.
വലിയതോതിൽ ഐക്യം സംജാതമായ ഈ സന്ദർഭത്തെ ഉൾക്കൊണ്ടു പ്രവർത്തിക്കാതെ തകർക്കാനുള്ള ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തുമെന്നു മാത്രമല്ല അത്തരക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടിയെടുക്കുമെന്നും ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡും വ്യക്തമാക്കി.
40 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള ഫൊക്കാനയുടെ മേൽ ഒരു അപശകുനം പോലെ 2020 ൽ വീണ കരിനിഴലായിരുന്നു കേസുകൾ. കോവിഡ് കാലത്ത് ഇലക്ഷനെ സംബന്ധിച്ചുണ്ടായ ചില നിസാര തർക്കങ്ങളാണ് ഈ പടല പിണക്കങ്ങൾക്കെല്ലാം വഴിതെളിച്ചത്. മൂന്നുവർഷത്തോളം നീണ്ടുനിന്ന ഈ വ്യവഹാരങ്ങളിലൂടേ ഏകദേശം ഒന്നര ലക്ഷത്തോളം ഡോളർ വിവിധ കോടതികളിലായി ഇരുപക്ഷക്കാരും കൂടി ചെലവഴിക്കേണ്ടി വന്നു. നിലവിലെ നേതൃത്വവും ഒരു ലക്ഷത്തിലേറെ ഡോളർ ചെലവഴിച്ചു.