ഹൂസ്റ്റൺ: യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുന്ന കമല ഹാരിസിന്റെ റാലിയിൽ പോപ് ഗായിക ബിയോൺസ് എത്തിയത് ജനങ്ങളെ ആവേശഭരിതരാക്കി. ‘സെലിബ്രിറ്റിയായല്ല; വന്നത് അമ്മയായിട്ടാണ്’ എന്ന് പറഞ്ഞാണ് അവർ ഡെമോക്രാറ്റിക് അനുയായികളെ കൈയിലെടുത്തത്.
ഹൂസ്റ്റണിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കമല ഹാരിസിനൊപ്പം ബിയോൺസും എത്തിയത്. ക്വീൻ ബെയ് എന്നും അറിയപ്പെടുന്ന ഗായികക്ക് അമേരിക്കയിൽ ലക്ഷക്കണക്കിന് ആരാധകരുണ്ട്. കമല ഹാരിസിന്റെ കാമ്പെയ്നിൽ ബിയോൺസിന്റെ 2016ലെ ‘ഫ്രീഡം’ എന്ന ഗാനം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. കറുത്തവർഗക്കാരായ സ്ത്രീകളുടെ ശാക്തീകരണത്തെ കേന്ദ്രീകരിച്ചുള്ള ഈ ഗാനം കമല ഹാരിസിന്റെ പ്രചാരണത്തിന്റെ ജിഹ്വയായി മാറിയിരുന്നു.
‘എന്റെ മക്കളും ഞങ്ങളുടെ എല്ലാ കുട്ടികളും ജീവിക്കുന്ന ലോകത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന ഒരു അമ്മയാണ് ഞാൻ’ അവർ പറഞ്ഞു. ബിയോൺസ് കമലയെ പരസ്യമായി പിന്തുണക്കുമോ എന്നതിനെക്കുറിച്ചുള്ള മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ഇതോടെ വിരാമമായി. യു.എസ് മാധ്യമങ്ങൾ വൻ പ്രാധാന്യമാണ് തെരഞ്ഞെടുപ്പ് റാലിയിലെ ബിയോൺസിന്റെ സാന്നിധ്യത്തിനു നൽകിയിരിക്കുന്നത്.