ജറുസലം : പലസ്തീൻ–ഇസ്രയേൽ സംഘർഷം മുറുകുന്നതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിലൂടെ ആശയവിനിമയം നടത്തിയതായി വിവരം. ഇസ്രയേലിന് ബൈഡൻ പൂർണ പിന്തുണ പ്രഖ്യാപിച്ചതായി ‘ദ് ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു.
ഹമാസിനെതിരെ ഇസ്രയേൽ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നായിരുന്നു യുദ്ധ പ്രഖ്യാപനം. 1973ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തുന്നതെന്നതു ശ്രദ്ധേയം.
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ അപലപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, മനസ്സാക്ഷിക്ക് വിരുദ്ധമായ ഹൃദയഭേദകമായ സംഭവങ്ങളാണ് ഇസ്രയേലിൽ അരങ്ങേറുന്നതെന്ന് അറിയിച്ചിരുന്നു. ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് തന്റെ രാജ്യം നിരുപാധികം ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കി.
ഇസ്രയേലിന് യുഎസ് സാമ്പത്തിക, സൈനിക സഹായം നൽകുമെന്നും റിപ്പോർട്ടുണ്ട്. അധിക സാമ്പത്തിക, സൈനിക സഹായം ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേലിന്റെ സഹായ അഭ്യർഥനകൾ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഉടനെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.