ജറുസലം : ഇസ്രയേൽ, ജോർദാൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്താനിരിക്കെ, അവസാന നിമിഷം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നു പിൻമാറി ജോർദാൻ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താന‍് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് പിൻമാറുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി അറിയിച്ചു. ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് ജോർദാന്റെ അപ്രതീക്ഷിത പിൻമാറ്റം.
ടെൽ അവീവിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തിയശേഷം ജോർദാനിലെ അമ്മാനിലെത്തുന്ന ബൈഡൻ, അബ്ദുല്ല രാജാവുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായും ചർച്ച നടത്തുമെന്നായിരുന്നു ധാരണ. ഇതിനിടെയാണ് ജോർദാന്റെ പിൻമാറ്റം.
യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്ന് അയ്മൻ സഫാദി ചൂണ്ടിക്കാട്ടി. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. അതേസമയം, പലസ്തീൻകാർക്കു ഗാസയിൽ ‘സുരക്ഷിതമേഖല’ അനുവദിക്കാനും അടിയന്തര സഹായം എത്തിക്കാനുമായി യുഎസ്–ഇസ്രയേൽ കരാറിന് ബൈഡനുമായുള്ള ചർച്ചയിൽ ഇന്ന് ധാരണയായേക്കുമെന്നാണ് വിവരം.